തിരുവനന്തപുരം: സുരേന്ദ്രന്റെ ആരോപണങ്ങള്‍ കള്ളമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കിടക്കാനുള്ള സൗകര്യവും ചൂടുവെള്ളവും ആഹാരവും മരുന്നും സുരേന്ദ്രന് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. സ്റ്റേഷനിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാവുമെന്നും മന്ത്രി പറഞ്ഞു. സുരേന്ദ്രന്റെ അമ്മ മരിച്ച് നാലുമാസം പോലും തികയാതെയാണ് സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത്.
എന്നാല്‍ ആചാരങ്ങള്‍ വിശ്വസിക്കുന്നവര്‍ ആറുമാസം എങ്കിലും തികയാതെ അമ്പലത്തില്‍ കയറില്ലെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരേ പോലിസ് നടത്തിയത് മനുഷ്യാവകാശ ലംഘനമാണെന്നും, പൊലീസ് വെള്ളം കുടിക്കാനും മരുന്ന് കഴിക്കാനും അനുവദിച്ചില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
അതേസമയം കെ സുരേന്ദ്രനെതിരായ കേസ് കള്ളക്കേസെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു. കേസ് നിയമപരമായി നേരിടും. സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ല. അയ്യപ്പന്‍മാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുരേന്ദ്രന്‍ ആചാരംലംഘിച്ചുവെന്ന വാദം ശരിയല്ല. ഓരോ സ്ഥലത്തും ആചാരങ്ങള്‍ വ്യത്യസ്ഥമാണ്. അതനുസരിച്ചാണ് സുരേന്ദ്രനെത്തിയതെന്നും അദ്ദേഹം കോട്ടയത്ത് വ്യക്തമാക്കി.
സുരേന്ദ്രൻ്റെ ആരോപണം കള്ളം; ശബരിമലയിലെത്തിയത് അമ്മ മരിച്ച് നാലുമാസം പോലും തികയാതെയെന്ന് കടകംപള്ളി