
ന്യൂഡല്‍ഹി : ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗീക ആരോപണം ചൂടുപിടിക്കവേ അഭിഭാഷകൻ ഉൽസവ് ബെയിൻ വെളിപ്പെടുത്തിയ കോര്‍പറേറ്റ് ആരെന്ന ചോദ്യം ഉയരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ പീഡനാരോപണം ഉന്നയിച്ച വ്യക്തിക്കുവേണ്ടി ഹാജരാകാനും പത്രസമ്മേളനം സംഘടിപ്പിക്കാനും തനിക്ക് 1.5 കോടി രൂപ വാഗ്ദാനം ചെയ്യപ്പെട്ടതായി അഭിഭാഷകൻ ഉൽസവ് ബെയിൻ വെളിപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്.
ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായി മുദ്ര വെച്ച കവറില്‍ തെളിവുകള്‍ നല്‍കിയ ബെയിന്‍ ജീവനു ഭീഷണിയുണ്ടെന്നു വ്യക്തമാക്കിയ സ്ഥിതിക്ക് ഉൽസവിനു സുരക്ഷ നൽകാൻ ഡൽഹി പൊലീസ് കമ്മിഷണർക്ക് കോടതി നിർദേശം നൽകി.

സുപ്രധാന കേസിൽ അനുകൂല വിധിക്കായി കോർപറേറ്റ് രംഗത്തെ വ്യക്തി സുപ്രീം കോടതിയിലെ ഒരു ജഡ്ജിയെ സമീപിച്ചതോടെയാണ് നിലവിലെ പീഡന ആരോപണം പൊട്ടിപ്പുറപ്പെടുന്നത് എന്നാണ് വിവരം. ജഡ്ജിയെ സ്വാധീനിക്കാനുള്ള നീക്കം വിജയിക്കാഞ്ഞപ്പോൾ കേസ് ആ ജഡ്ജിയുടെ ബെഞ്ചിൽ നിന്നു മാറ്റാൻ ശ്രമിച്ചു. അതും നടക്കാതെവന്നപ്പോൾ, ചീഫ് ജസ്റ്റിസിനെ രാജിസമ്മർദത്തിലാക്കുന്നതിന് കോർപറേറ്റ് പ്രമുഖൻ, ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്ന റൊമേഷ് ശർമയെന്നയാളും അയാളുടെ കൂട്ടാളികളുമായി ചേർന്നു വ്യാജമായ പീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചു. കോർപറേറ്റ് രംഗത്തെ വ്യക്തി ഉൾപ്പെടുന്ന ചില സംഭവങ്ങൾ അറിയാം. കോടതി നിർദേശിച്ചാൽ, സംഭവങ്ങളും ഉൾപ്പെട്ട വ്യക്തികളുടെ പട്ടികയും രഹസ്യരേഖയായി നൽകാം എന്നാണു അഭിഭാഷകൻ ഉൽസവ് ബെയിൻ വെളിപ്പെടുത്തിയത്.
ഇതിനുള്ള തെളിവുകള്‍ ആണ് ഇന്ന് മുദ്രവെച്ച കവറില്‍ ബെയിന്‍ കൈമാറിയത്. ഉത്സവ് ബെയിന്‍ പാതി കാര്യങ്ങൾ മാത്രമാണു പറയുന്നതെന്ന് എജി നിരീക്ഷിച്ചു. കുറച്ചു രേഖകൾ കൈമാറുന്നു മറ്റുള്ളവ നൽകുന്നില്ലെന്നും എജി വ്യക്തമാക്കി.എന്നാല്‍ താൻ കോടതിയിൽനിന്ന് ഇറങ്ങിപ്പോകുമെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇറങ്ങിപ്പോകാൻ പോയ അഭിഭാഷകനെ കോടതി തിരികെവിളിച്ചു സമാധാനിപ്പിക്കുകയായിരുന്നു.
രാജ്യത്തെ ഒരു കോര്‍പറേറ്റ് സ്ഥാപനമാണ് പരാതിക്ക് പിന്നിലെന്ന ആരോപണം അന്വേഷിക്കുന്നതിന് സി.ബി.ഐ ഐ.ബി, ഡല്‍ഹി പോലീസ് മേധാവികളുമായി മൂന്നംഗബെഞ്ച് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് കേസ് വീണ്ടും പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്കെതിരെ ലൈംഗിക പീഡന ആരോപണമുയര്‍ത്താന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന അഭിഭാഷകന്‍റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.
