ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് ക്കേസുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബി.സി.സി.ഐ ഹൈക്കോടതിയെ അറിയിച്ചു. സ്‌ക്കോട്ട് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് ശ്രീശാന്ത് നല്‍കിയ റിവ്യൂ ഹര്‍ജിക്കുള്ള മറുപടിയിലാണ് ബി.സി.സി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ വാതുവെയ്പ്പ് കേസില്‍ സുപ്രീംകോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ശ്രീശാന്ത് ആരോപിക്കുന്നത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013 ലെ കുപ്രസിദ്ധമായ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബി.സി.സി.ഐ ആജീവനാന്തം വിലക്കുകയായിരുന്നു. പിന്നീട് കേസില്‍ നിന്നും കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.