ന്യൂഡല്‍ഹി: മാനഭംഗത്തെത്തുടര്‍ന്നു ഗര്‍ഭിണിയായ പതിമൂന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. മുംബൈ സ്വദേശിനിയാണ് പെണ്‍കുട്ടി. 31 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി. കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാണ് കോടതി നടപടി. ഗര്‍ഭഛിദ്രത്തിനു അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ മാസം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വിവരം മാതാപിതാക്കള്‍ വളരെ വൈകിയാണ് മനസ്സിലാക്കിയത്. തുടര്‍ന്നായിരുന്നു ഗര്‍ഭമലസിപ്പിക്കാനുള്ള അനുമതിക്കായി ഇവര്‍ കോടതിയെ സമീപിച്ചത്. വഴിവില്‍പ്പനക്കാരനായ പിതാവിനും വീട്ടുജോലിക്കാരിയായ മാതാവിനും ഒപ്പം മുംബൈയിലെ ചാര്‍ക്കോപ്പിലായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇവരോടൊപ്പം താമസിച്ചിരുന്ന പിതാവിന്റെ സുഹൃത്ത് നിരവധി തവണ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതായാണ് നിഗമനം.

കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നു പെണ്‍കുട്ടിയെ പരിശോധിച്ച് നിലപാടറിയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ ചണ്ഡീഗഢ് സ്വദേശിനിയായ പത്തുവയസ്സുകാരി 32 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ ആ കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി ലഭിച്ചിരുന്നില്ല.
