
ന്യൂഡല്‍ഹി: ഗര്‍ഭസ്ഥ ശിശുപുറത്ത് വരുന്നില്ലെങ്കില്‍ സിസേറിയന്‍ തന്നെ വേണ്ടിവരുമെന്ന് സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ ഒരു അടിയന്തിര ശസ്ത്രക്രിയയിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ എന്ന് സഹജസ്റ്റിസുമാര്‍ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കും എഴുതിയ കത്തില്‍ കുര്യന്‍ ജോസഫ് പറഞ്ഞു. സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനയച്ച രണ്ട് ജസ്റ്റിസുമാരുടെ നിയമനം കഴിഞ്ഞ മൂന്ന് മാസമായി കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തി വച്ചിരിക്കുകയാണ്. ഇന്ത്യന്‍ ജുഡിഷ്യറിയുടെ ചരിത്രത്തില്‍ ഇതിന് മുന്‍പ് ഇത്തരം നടപടികള്‍ ഉണ്ടായിട്ടില്ല.

സുപ്രീംകോടതിയുടെ അധികാരത്തെ കേന്ദ്രസര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതിന് തുല്യമാണ് ഈ സംഭവം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എത്രയും വേഗം സുപ്രീം കോടതിയിലെ ഏഴ് ജസ്റ്റിസ് മരുടെ യോഗം വിളിച്ച് ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ പരമോന്നത കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ ചോദ്യം ചെയ്യപ്പെടും.ഇതേ വിഷയം ഉന്നയിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ മറ്റ് ജസ്റ്റിസ്മാര്‍ക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചിരുന്നു. അതിന് പിന്നാലെയാണ് മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത് വന്നിരിക്കുന്നത്.
