സുപ്രീംകോടതിയിലെ ജുഡീഷ്യല്‍ പ്രതിസന്ധി; പ്രശ്നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അനുമതി നിഷേധിച്ചു; ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണാനായില്ല

  • Post category:news
  • Reading time:1 min read
You are currently viewing സുപ്രീംകോടതിയിലെ ജുഡീഷ്യല്‍ പ്രതിസന്ധി; പ്രശ്നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അനുമതി നിഷേധിച്ചു; ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണാനായില്ല

ന്യൂഡല്‍ഹി: ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പോടെ സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്ന സംഭവത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടന്നേക്കും. സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തിലെ അതൃപ്തികള്‍ അറിയിച്ച് മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍.ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. സംഭവത്തില്‍ പ്രതിസന്ധി ഇന്ന് പരിഹരിക്കപ്പെട്ടേക്കുമെന്നാണ് സൂചന. പ്രശ്നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാനാണ് ശ്രമം. ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടതിലെ നിയമപ്രശ്നങ്ങള്‍ ഉയര്‍ത്തി നേരിടാനുള്ള ശ്രമം ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. അതേസമയം, ചീഫ് ജസ്റ്റിസിനെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മടങ്ങി. ദീപക് മിശ്രയുടെ വീട്ടിലായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര എത്തിയത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ജഡ്ജിമാര്‍ ചെയ്തത് ശരിയായില്ലെന്ന അഭിപ്രായവുമായി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് രംഗത്തെത്തി.

പരമേന്നത നീതിപീഠത്തിലുണ്ടായ അത്യപൂര്‍വ പ്രതിസന്ധിക്ക് ഇന്ന് പരിഹാരം കാണുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ പ്രതീക്ഷ. നാല് ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസുമായി എജി ചര്‍ച്ച നടത്തിയിരുന്നു. നാല് ജഡ്ജിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാനാണു നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനോട് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുണ്ടായിട്ടുള്ളത് നീതിന്യായ വ്യവസ്ഥയിലെ ആഭ്യന്തര പ്രശ്നമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് സ്വീകരിച്ച നിലപാടാണ് പ്രശ്നങ്ങള്‍ പൊട്ടിത്തെറിയിലെത്താന്‍ കാരണമായത് എന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ കരുതലോടെയാണ് ഇടപെടുന്നത്. കലാപമുണ്ടാക്കിയ ജഡ്ജിമാരുമായി പ്രതിനിധികള്‍ മുഖേന ചീഫ് ജസ്റ്റിസ് ആശയവിനിമയത്തിനു ശ്രമിച്ചുവരികയാണ്.

0Shares