
തിരുവനന്തപുരം : പൾസർ സുനിയും സംഘവും യുവനടിയെ കൊച്ചിയില്‍ കാറില്‍ വെച്ച്പീഡിപ്പിച്ച ദൃശ്യങ്ങൾ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കണ്ടു. ഈ സംഭവം ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന സൂചനയാണ് നല്‍കുന്നത്. ജൂൺ അവസാന ആഴ്ചയിലാണ് ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ചത് എന്ന് കേരളാ കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കൽ വിദ്യാർത്ഥികളെ ഫോറൻസിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി നടൻ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുംമുമ്പ് തന്നെ ദൃശ്യങ്ങൾ ചോർന്നതായാണ് വിവരം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീഡിയോ കണ്ട ചില വിദ്യാർത്ഥികൾ വീട്ടിൽ വിവരം അറിയിച്ചു. ഇതിൽ ഒരു രക്ഷാകർത്താവ് ഡോക്ടറായിരുന്നു. അദ്ദേഹം പ്രമുഖനായ മറ്റൊരു ഡോക്ടർക്ക് വിവരം കൈമാറി. എന്നാൽ അങ്ങനെ സംഭവിക്കാനുള്ള ഒരു സാദ്ധ്യതയുമില്ലെന്നാണ് ദൃശ്യങ്ങളുടെ വിശദാംശങ്ങൾ ജോലിയുടെ ഭാഗമായി നേരത്തേ അറിഞ്ഞിരുന്ന പ്രമുഖഡോക്ടർ മറുപടി നൽകിയത്. എന്നാൽ ദൃശ്യം കണ്ട വിദ്യാർത്ഥിയിൽ നിന്ന് സീൻ ബൈ സീനായി വിവരിച്ച് കിട്ടിയത് രക്ഷാകർത്താവ് അറിയിച്ചപ്പോൾ ഡോക്ടർ അത് ശരിവയ്ക്കുകയായിരുന്നു. രണ്ടര മിനിട്ടാണ് ദൃശ്യങ്ങളുടെ ദൈർഘ്യമെന്നുള്ള കൃത്യമായ വിവരവും വിദ്യാർത്ഥിയിൽ നിന്ന് മനസിലാക്കാനായി. ഈ ദൃശ്യങ്ങൾ കോളേജിൽ കാണിച്ച വിവരം ചില രക്ഷാകർത്താക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ഉന്നതപൊലീസുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. എന്ത് നടപടിയെടുക്കണമെന്ന് ആലോചിക്കുകയാണ് പൊലീസ് ഉന്നതർഎന്ന് വാര്‍ത്തയില്‍ പറയുന്നു.
