ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയ്യേറ്റശ്രമം. പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ വച്ചാണ് യെച്ചൂരിക്ക് നേരെ ആക്രമണശ്രമമുണ്ടായത്. പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ് മീഡിയാ റൂമിലേക്ക് യെച്ചൂരി നടന്നിറങ്ങുമ്പോള്‍ ആണ് രണ്ട് പേര്‍ ‘സിപിഎം മൂര്‍ദാബാദ്’ എന്ന മുദ്രാവാക്യവുമായി യെച്ചൂരിക്കടുത്തേക്കെത്തിയത്.

പെട്ടെന്നുണ്ടായ പ്രതിഷേധത്തില്‍ യെച്ചൂരി അമ്പരന്നു പോയെങ്കിലും പിന്നീട് എ.കെ.ജി സെന്ററിലെ ജീവനക്കാരെത്തി ഇവരെ പിടിച്ചു മാറ്റി. തുടര്‍ന്ന് ഓഫീസിലെത്തിയ ഡല്‍ഹി പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. ഹിന്ദുസേനാപ്രവര്‍ത്തകരാണ് കൈയ്യേറ്റശ്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ സിപിഎമ്മിന്റെ രാജ്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ പ്രതിഷേധമെന്ന് ഈ പ്രവര്‍ത്തകര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.