ദില്ലി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് മൂന്ന് പേര്‍ പരിഗണനയില്‍. രജനീകാന്ത് മിശ്ര, ജാവീദ് അഹമ്മദ്, എസ്.എസ് ദേശ്വാള്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയത്. സുപ്രീംകോടതി നിര്‍ദേശം ഉള്ളതിനാല്‍ ഇന്ന് തന്നെ സെലക്ഷന്‍ ക്മ്മിറ്റി യോഗം ചേര്‍ന്ന് ഡയറക്ടര്‍ നിയമനത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതോടെ ജനുവരി 10 മുതല്‍ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ക്രിമിനോളജി ആന്‍ഡ് ഫോറന്‍സിക് സയന്‍സ് തലവനായ ജാവീദ് അഹമ്മദിനെയാണ് കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പിന്തുണച്ചത്. എന്നാൽ പ്രധാനമന്ത്രി പിന്തുണച്ചത് ബി.എസ്.എഫ് തലവനായ രജനീകാന്ത് മിശ്രയെയാണ്. ഇതോടെ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായില്ല. ഡയറക്ടര്‍ നിയമനത്തില്‍ സെലക്ഷന്‍ സമിതിയിലെ മൂന്നാമത്തെ അംഗം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിയുടെ നിലപാട് ഇന്നത്തെ യോഗത്തിൽ നിര്‍ണായകമാകും. സി.ബി.ഐ പോലൊരു സ്ഥാപനത്തിൻ്റെ ഡയറക്ടര്‍ സ്ഥാനത്ത് നിയമനം വൈകുന്നത് ശരിയല്ലെന്നും ഉടന്‍ നിയമനം വേണമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് യോഗം ചേർന്നത്.
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് പിന്തുണച്ചത് ജാവീദ് അഹമ്മദിനെ; പ്രധാനമന്ത്രി പിന്തുണച്ചത് രജനീകാന്ത് മിശ്രയെ; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിയുടെ നിലപാട് നിർണായകം; ആരാകും സി.ബി.ഐ തലപ്പത്ത്