സി.പി.ഐ. എം നേതാക്കളെ കുടുക്കാന്‍ സ്വന്തം വീടിന് തീവെച്ചു; നേതാക്കള്‍ക്കെതിരെ വീടാക്രമിച്ച്‌ തീവെച്ചതിനും തന്നെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും പരാതി നല്‍കി; നെയ്യാറ്റിന്‍കര മുന്‍ എം. എല്‍. എ സെല്‍വരാജിനെയും ഗണ്‍മാനെയും പോലീസ് അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.ഐ. എം നേതാക്കളെ കുടുക്കാന്‍ സ്വന്തം വീടിന് തീവെച്ചു; നേതാക്കള്‍ക്കെതിരെ വീടാക്രമിച്ച്‌ തീവെച്ചതിനും തന്നെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും പരാതി നല്‍കി; നെയ്യാറ്റിന്‍കര മുന്‍ എം. എല്‍. എ സെല്‍വരാജിനെയും ഗണ്‍മാനെയും പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മുന്‍ എം. എല്‍. എ. ആര്‍ സെല്‍വരാജിനെയും അദ്ദേഹത്തിന്റെ ഗണ്‍മാന്‍ പ്രവീണ്‍ ദാസിനെയും പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. 2012 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് സെല്‍വരാജിന്റെ നെടിയാങ്കോടെ വീടിന് തീവെച്ചെന്നതാണ് കേസ്. വീടിനോട് ചേര്‍ന്നുള്ള പൊലീസ് സംരക്ഷണത്തിനായി കെട്ടിയ ടെന്റിനും തീപിടിച്ചിരുന്നു.

സി.പി.ഐ. എം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, ലോക്കല്‍ സെക്രട്ടറി വി താണുപിള്ള എന്നിവരുടെ നേതൃത്വത്തില്‍ വീടാക്രമിച്ച്‌ തീവെച്ചുവെന്നും തന്നെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നും സെല്‍വരാജ് പരാതി നല്‍കിയിരുന്നു. അന്നത്തെ യു. ഡി. എഫ് സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തിയെങ്കിലും പരാതിയില്‍ പറഞ്ഞതുപോലെ തീവെച്ചതില്‍ ദുരൂഹത കണ്ടെത്താനായില്ല. തെങ്ങിന്‍ ചുവട്ടില്‍ കടലാസ് കത്തിച്ചപ്പോള്‍ തീപ്പൊരി വീണതാകാമെന്ന് കാണിച്ച്‌ സെല്‍വരാജ് ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി.എന്നാല്‍, പൊലീസ് ടെന്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മുതലടക്കം കത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാകുമായിരുന്നില്ല. വിശദമായ അന്വേഷത്തിലാണ് സെല്‍വരാജും ഗണ്‍മാനും ചേര്‍ന്ന് തീയിടുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

തീ പിടിച്ച വാര്‍ത്ത ആദ്യം അറിയിച്ച ഫോണ്‍ നമ്ബര്‍ മൂലമാണ് ഇവരെ കണ്ടെത്തിയത്. പാറശാല കേന്ദ്രീകരിച്ചുള്ള ഒരു മണലൂറ്റുകാരന്റെ നമ്ബറില്‍നിന്നാണ് വിളിച്ചത്. ഈ നമ്ബര്‍ നാളുകളായി സെല്‍വരാജിന്റെ ഗണ്‍മാനാണ് ഉപയോഗിച്ചു വന്നത്. തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി മണലൂറ്റുകാരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തീവച്ചശേഷം ഗണ്‍മാന്‍ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. വേളാങ്കണ്ണിയില്‍ പോയതിനാല്‍ വീട്ടിലില്ലായിരുന്നുവെന്നാണ് സെല്‍വരാജ് അന്ന് മൊഴി നല്‍കിയത്. എന്നാല്‍, ഈ ദിവസങ്ങളില്‍ അദ്ദേഹം ആ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നു കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തില്‍ ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചതോടെ ഇരുവരും അറസ്റ്റിലാകുകയായിരുന്നു.

0Shares