
അഗര്‍ത്തല: ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബി.ജെ.പിക്ക് ചരിത്രപരമായ മുന്നേറ്റം. സി.പി.ഐ.എം ചെങ്കോട്ടയായ ത്രിപുരയില്‍ സ്വപ്നസാക്ഷാത്കാരമാണ് ബി.ജെ.പിക്ക് ഉണ്ടായിരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കവെ 38 സീറ്റുകളിലെ ലീഡോടെ ബി.ജെ.പി മുന്നേറുകയാണ്. ഭരണകക്ഷിയായ ഇടതിന്റെ ലീഡ് 21 സീറ്റുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ 25 വര്‍ഷമായി ഭരണത്തിലുള്ള ഇടതുപക്ഷത്തിന് കിട്ടാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്.
2013 ല്‍ 42 സീറ്റുകളോടെ അധികാരത്തിലെത്തിയ ഇടതുപക്ഷം ഇത്തവണ കേവലഭൂരിപക്ഷം കടക്കാന്‍ പെടാപ്പാട് പെടുകയാണ്. മണിക് സര്‍ക്കാരിന്റെ ക്ലീന്‍ ഇമേജില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഇടതിന് പക്ഷെ ബി.ജെ.പിയുടെ മുന്നേറ്റത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. മണിക് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് അന്ത്യം കുറിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ത്രിപുരയില്‍ ഇത്തവണ ബി.ജെ.പി കച്ചമുറുക്കി ഇറങ്ങിയത്. അത് ഫലപ്രാപ്തിയില്‍ എത്തിയെന്നാണ് വോട്ടെണ്ണല്‍ തെളിയിക്കുന്നതും.