
ന്യൂഡൽഹി: പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും രാജ്യസഭാംഗത്വവും ഒരേസമയം വഹിക്കുന്നത് ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പ്രതികൂലമായി ബാധിക്കുമെന്ന് പിണറായി വിജയന്റെ പ്രസ്താവന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിക്കളഞ്ഞു. പാർട്ടി ഉത്തരവാദിത്തം നിറവേറ്റുന്നതിൽ തനിക്കൊരു പരാജയവും സംഭവിച്ചിട്ടില്ലെന്നും രാജ്യസഭാംഗത്വവും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും ഒരുമിച്ചു വഹിച്ചതു കൊണ്ട് താൻ ചുമതലകൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതായി പാർട്ടിയും വിലയിരുത്തിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്കു മത്സരിപ്പിക്കുന്നതിനെതിരേ പിണറായി വിജയൻ നൽകിയ അഭിമുഖത്തിൽ കേന്ദ്രകമ്മിറ്റി അതൃപ്തി അറിയിച്ചിരുന്നു.

പിണറായിയുടെ അഭിമുഖത്തെ വിമർശിച്ച് വി. എസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ പറയുന്ന കാര്യങ്ങൾ പുറത്തു പറയുന്നത് ശരിയല്ല. സംഘടനാപരമായ ഇത്തരം കാര്യങ്ങൾ സാമാന്യ ബോധമുള്ള എല്ലാവർക്കും അറിയാവുന്നതാണെന്നും പിണറായി വിജയന്റെ പേരെടുത്തു പറയാതെ വി.എസ് പറഞ്ഞു. തന്റെ രാജ്യസഭാംഗത്വം സംബന്ധിച്ച പാർട്ടി കേന്ദ്ര കമ്മിറ്റി തീരുമാനം വരുന്നതിനു മുൻപായി ഈ വിഷയത്തിൽ പിണറായി വിജയൻ അഭിപ്രായ പ്രകടനം നടത്തിയതിലുള്ള അനിഷ്ടവും യെച്ചൂരി ഇന്നലെ പരസ്യമായി പ്രകടിപ്പിച്ചു.
കേന്ദ്ര കമ്മിറ്റിയിൽ ഈ വിഷയം ചർച്ച ചെയ്ത് കൊണ്ടിരിക്കേ അതിൽ വിശദീകരണം നടത്തി അഭിമുഖം നൽകിയതു ശരിയായില്ല. ഇക്കാര്യത്തിൽ പിണറായി വിജയനോട് സി. പി. എം കേന്ദ്ര നേതൃത്വം വിശദീകരണം ചോദിച്ചുവെന്നും യെച്ചൂരി സമ്മതിച്ചു. ദീർഘമായ ഒരു അഭിമുഖമാണ് മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം താൻ ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയതെന്നാണ് പിണറായി നേതാക്കൾക്കു മുന്നിൽ വിശദീകരിച്ചത്. അതിൽ നിന്ന് ഒരു പ്രത്യേക ഭാഗം മാത്രം പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടുകായിരുന്നു എന്നും പിണറായി വിശദീകരിച്ചു.
