തിരുവനന്തപുരം: സി.പി.എം മന്ത്രിമാരുടെ പരിപാടികള്‍ ജില്ലാക്കമ്മിറ്റികളെ അറിയിക്കുന്ന കാര്യത്തിലും പേഴ്സണല്‍ സ്റ്റാഫിന്റെ പ്രവത്തനങ്ങള്‍ നിരീക്ഷിക്കുന്ന കാര്യത്തിലും മന്ത്രിമാര്‍ വീഴ്ച വരുത്തരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍. പേഴ്സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനം പരിശോധിക്കാനും വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി മന്ത്രിമാര്‍ കഴിയുന്നത്ര ദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മറ്റി യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യവെയാണ് കോടിയേരി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പേഴ്സണല്‍ സ്റ്റാഫിന്റെ യോഗങ്ങള്‍ സമയബന്ധിതമായി വിളിച്ചു ചേര്‍ത്ത് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തണം. സ്റ്റാഫില്‍ തന്നെ മാറ്റം വരുത്തണമെങ്കില്‍ അപ്രകാരം ചെയ്യണം. ഫയല്‍ നീക്കം വേഗത്തിലാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിദഗ്ദ്ധരുടെ അഭിപ്രായം തേടണം. സെക്രട്ടറിയേറ്റിലെ പഴയ സമ്പ്രദായങ്ങളില്‍ മാറ്റം വരുത്തണം. പാര്‍ട്ടിയും മന്ത്രിമാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം. വിവിധ വകുപ്പുകള്‍ മുന്‍ഗണന നല്‍കി ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ സര്‍ക്കാര്‍ എന്ന ബാനര്‍ ഉയര്‍ത്തുന്ന നടപടികളാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.