കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകനായിരുന്ന മാഹി ബാബു വധക്കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജെറിന്‍ സുരേഷ്, നിജേഷ്, ശരത് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്ന് പേരും നേരത്തെ കസ്റ്റഡിയിലെടുത്ത 13 പേരില്‍പ്പെട്ടവരാണ്. ഞായറാഴ്ച പുലര്‍ച്ചേയാണ് ജെറിന്‍ സുരേഷിനെ പൊലീസ് കസ്റ്റഡിയെടുത്തിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജെറിന്റെ വിവാഹമായിരുന്നു ഇന്നലെ. വിവാഹ വീട്ടില്‍ വച്ച് അതീവ രഹസ്യമായാണ് ജെറിന്റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. എന്നാല്‍ വിവാഹദിവസം വരനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് സമീപത്തെ പ്രാദേശിക നേതാക്കള്‍ ഇടപ്പെട്ടാണ് പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിച്ചത്. ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗവുമായ വിജയന്‍ പൂവച്ചേരിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു
ബാബുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതായി സംശയം തോന്നിയ സാഹചര്യത്തിലാണ് വിജയന്‍ പൂവച്ചേരിയെ പൊലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് സിപിഐഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത്. അക്രമിസംഘം പതിയിരുന്ന് ബാബുവിനെ ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ബാബുവിന്റെ കൊലപാതകം പുതുച്ചേരി പൊലീസിന്റെ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണ്‍, ടൗണ്‍ സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്നത്.
സി.പി.എം പ്രവര്‍ത്തകന്‍ മാഹി ബാബു വധം; മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍