ന്യൂഡല്‍ഹി: സി.പി.എം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു. 72 വയസായിരുന്നു. തിങ്കളാഴ്ച അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് എ.എം.ആര്‍.ഐ ആശുപത്രിയില്‍ വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു അദ്ദേഹം. നിരുപം സെന്നിന്റെ ആരോഗ്യം മോശമായതറിഞ്ഞ് കഴിഞ്ഞ ദിവസം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. 1946 ഒക്‌ടോബര്‍ 8ന് ബര്‍ദ്വാന്‍ ജില്ലയിലെ ഗോബിന്ദപൂര്‍ എന്ന സ്ഥലത്താണ് നിരുപം സെന്‍ ജനിച്ചത്. അച്ചന്‍ ജിജസഭൂഷന്‍ സെന്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. അതേ സ്‌കൂളില്‍ തെന്നയാണ് നിരുപവും പഠിച്ചത്. പഠിക്കാന്‍ മിടുക്കനായിരുന്ന നിരുപം ഡിഷ്റ്റിംഗ്ഷനോടു കൂടി സ്‌കൂള്‍ ഫൈനല്‍ പാസ്സായി. അതിനു ശേഷം ബര്‍ദ്വമാന്‍ രാജ് കോളേജില്‍ ചേര്‍ന്നു. അവിടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായി. പെട്ടന്നു തന്നെ പ്രമുഖ വിദ്യാര്‍ത്ഥി നേതാവായി ഉയര്‍ന്നു. കോളേജില്‍ പഠിക്കുമ്പോള്‍
തന്നെ സി.പി.എം അംഗമായി. 1966ല്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ ബര്‍ദ്വമാന്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബിരുദാനന്തര ബിരുദം നേടിയ ശേഷം ഏതാനും നാള്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായി ജോലി നോക്കി. 1968ല്‍ ജോലി ഉപേക്ഷിച്ച് സി.പി.എം പൂര്‍ണ സമയ പ്രവര്‍ത്തകനായി .
1968ല്‍ ബര്‍ദ്വമാനില്‍ വെച്ച് നടന്ന സി.പിഎം കേന്ദ്ര പ്ലീനത്തില്‍ സെക്രട്ടറിയായിരുന്ന പി സുന്ദരയ്യയുടേയും മറ്റ് പൊളിറ്റ് ബ്യൂറോയംഗങ്ങളുടെ സെക്യൂരിറ്റി ചുമതലയുള്ള വാളന്റിയര്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചു. 1987ല്‍ ബര്‍ദ്വമാന്‍ പട്ടണത്തില്‍ നിന്ന് ആദ്യമായി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷം സംഘടനാ പ്രവര്‍ത്തനത്തിനായി നിയമ സഭാരംഗത്തു നിന്ന് ഒഴിഞ്ഞു നിന്ന സെന്‍ 2001 ല്‍ വീണ്ടും നിയമസഭാ അംഗമാകുകയും ബുദ്ധദേബ് ഭട്ടാചര്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആറാം ഇടതുമുന്നണി മന്ത്രി സഭയില്‍ വ്യവസായ വാണിജ്യ മന്ത്രിയായി ചുമതലയേറ്റു. 2006 ലും ഏഴാം ഇടതുമുന്നണി സര്‍ക്കാരിലും ആ സ്ഥാനത്ത് തുടര്‍ന്നു. പത്തു വര്‍ഷം വ്യവസായ മന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തിന്റെ വ്യവസായ പുനരുദ്ധാരണത്തിന് കാര്യമായ സംഭാവന നല്‍കി. വ്യവസായ വത്ക്കരണത്തില്‍ വന്‍ കുതിപ്പ് സൃഷ്ടിക്കുമായിരുന്ന സിംഗൂര്‍ പദ്ധതിയ്ക്കായി മുഖ്യപങ്കാണ് നിരുപം വഹിച്ചത്. 2013ലാണ് സെന്നിന് പക്ഷഘാതത്തിന് ഇരയായത്. അതിനു ശേഷം വീല്‍ചെയറില്‍ അദ്ദേഹം പാര്‍ടി പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഏതാനും വര്‍ഷങ്ങളായി ചകിത്സയിലായിരുന്നു.
