സി.പി.എം -നാല്; കോണ്‍ഗ്രസ് – പത്ത്; ത്രിപുരയില്‍ 86 ശതമാനത്തിലധികം സീറ്റുകളിൽ ബി.ജെ.പിക്ക് എതിരില്ലാതെ ജയം

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എം -നാല്; കോണ്‍ഗ്രസ് – പത്ത്; ത്രിപുരയില്‍ 86 ശതമാനത്തിലധികം സീറ്റുകളിൽ ബി.ജെ.പിക്ക് എതിരില്ലാതെ ജയം

ത്രിപുരയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് വൻജയം. 86 ശതമാനത്തിലധികം സീറ്റുകളിൽ ബി.ജെ.പി എതിരില്ലാതെ വിജയിച്ചു. ആകെയുള്ള 6,111 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കനുസരിച്ച് ഇതുവരെ 5,278 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചിട്ടുണ്ട്.

6,111 ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ പ്രതിപക്ഷ പാർട്ടികളായ സി.പി.എമ്മിനും, കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും യഥാക്രമം 4%, 10% സീറ്റുകളാണ് ലഭിച്ചത്. ധലൈ ജില്ലയിൽ 393 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് മത്സരം നടന്നത്. ബാക്കിയുള്ളവയിൽ എതിരില്ലാതെ ബി.ജെ.പി നേടി. എല്ലാ പഞ്ചായത്ത് സമിതി(ബ്ലോക്ക് പഞ്ചായത്ത്), സില പരിഷത്ത്(ജില്ലാ പഞ്ചയാത്ത്) സീറ്റുകളും ഇവിടെ എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

പ്രതിപക്ഷ പാർട്ടി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് ബി.ജെപി ഗുണ്ടകൾ തടഞ്ഞുവെന്ന് സി.പി.എം ആരോപിച്ചു. ബി.ജെ.പി ഗുണ്ടകളിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് 121 സി.പി.എം നോമിനികൾ നാമനിർദേശ പത്രിക പിൻവലിക്കാൻ നിർബന്ധിതരായി എന്ന് പാർട്ടി നേതാക്കൾ ആരോപിച്ചു. ജൂലൈ ഒന്ന് മുതൽ 8 വരെയുള്ള നാമനിർദ്ദേശ പത്രിക സമർപിക്കാനുള്ള കാലയളവിൽ ബി.ജെ.പി ഗുണ്ടകൾ നാമനിർദ്ദേശ പത്രിക സമർപിക്കുന്നതിൽ നിന്നും സ്ഥാനാർത്ഥികളെ തടഞ്ഞു.

ബി.ജെ.പി ഗുണ്ടകൾ തെരഞ്ഞെടുപ്പ് ഓഫീസുകൾക്ക് മുന്നിൽ എപ്പോഴുമുണ്ടായിരുന്നു. മിക്ക സ്ഥലങ്ങളിലും പോലീസ് കാഴ്ചക്കാർ മാത്രമായിരുന്നുവെന്നും സി.പി.എം ആരോപിച്ചു. 6,111 സീറ്റുകളിൽ ഇടതുമുന്നണിക്കായി 306 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. പഞ്ചായത്ത് സമിതിയിലെ 419 സീറ്റുകളിൽ 56 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. ജില്ലാ പരിഷത്തിൽ 116 സീറ്റുകളിലേക്ക് 67 ഇടത് സ്ഥാനാർത്ഥികൾ മത്സരിച്ചെന്നും സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അക്രമങ്ങളെക്കുറിച്ച് ഒരു പാർട്ടിയും ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്നും സി.പി.എം നേതാക്കൾ ഒരിക്കൽ കൂടിക്കാഴ്ച നടത്തിയെന്നും എന്നാൽ അവർക്ക് ധാരാളം പരാതികളില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജി കാമേശ്വര റാവു അറിയിച്ചു.

0Shares