കാസര്‍കോട്: സി.പി.എം 22-ാംപാര്‍ട്ടികോണ്‍ഗ്രസ്സിന്റെ ഭാഗമായി ജനുവരി 8,9,10 തീയതികളില്‍ നടക്കുന്ന ജില്ലാസമ്മേളനത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 8ന് രാവിലെ 9.30നു മുതിര്‍ന്ന നേതാവ് എ.കെ.നാരായണന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. ജില്ലയിലെ 23,301പാര്‍ട്ടിയംഗങ്ങളെ പ്രതിനിധീകരിച്ച് ഡി.സി അംഗങ്ങള്‍ ഉള്‍പ്പെടെ 290 പ്രതിനിധി സഖാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം കാസര്‍കോട് ടൗണ്‍ഹാളിലെ വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ പി.ബി.അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും. പി.കരുണാകരന്‍ എം.പി, എ.വിജയരാഘവന്‍, ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി എം.പി, എളമരം കരീം, എം.വി.ഗോവിന്ദന്‍, മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കെ.ശൈലജ , ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.എട്ട്, ഒമ്പത് തീയ്യതികളിലായി പത്ത് മണിക്കൂര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ഗ്രൂപ്പ് ചര്‍ച്ചയും തുടര്‍ന്ന് പൊതു ചര്‍ച്ചയും നടക്കും. ജനുവരി പത്താം തീയതി പുതിയ ജില്ലാ കമ്മിറ്റി, ജില്ലാസെക്രട്ടറി, സംസ്ഥാനസമ്മേളന പ്രതിനിധികള്‍ എന്നീ തെരഞ്ഞെടുപ്പുകള്‍ നടക്കും. വൈകുന്നേരം 3മണിക്ക് നായന്മാര്‍മൂലയില്‍ നിന്ന് 5,000 വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന റെഡ്‌വളണ്ടിയര്‍ പരേഡ് ആരംഭിക്കും. പൊതു സമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന,പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമര പതാകജാഥകളും, ദീപശിഖാറാലിയും, ആറിനു വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടും ഏഴിന് വൈകുന്നേരം സമ്മേളനഗറിലെത്തിച്ചേരും.
സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച്.കുഞ്ഞമ്പു പതാക ഉയര്‍ത്തും. ജില്ലയില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള സി.പി.എം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങളും, വീഴ്ചകളും വിലയിരുത്തി സമ്മേളനം ഭാവി പ്രവര്‍ത്തനപരിപാടികള്‍ ആവിഷ്‌കരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി രാഘവന്‍, ടി വി ഗോവിന്ദന്‍, സംഘാടക സമിതി കണ്‍വീനര്‍ കെ.എ മുഹമ്മദ് ഹനീഫ സംബന്ധിച്ചു.
സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളന ഒരുക്കം പൂര്‍ത്തിയായി; കൊടിമര- പതാക ജാഥകള്‍ ശനിയാഴ്ച തുടങ്ങും