എറണാകുളം: കളമശേരി പ്രീമിയര്‍ കവലയില്‍ ശനിയാഴ്ച രാവിലെ സിലിന്‍ഡര്‍ ലോറിക്ക‌് തീപിടിച്ചുണ്ടായ അപകടത്തിൽ ഒഴിവായത് വൻ ദുരന്തം. കളമശേരി എച്ച‌്.എം.ടി കോളനി സ്വദേശി അബ്‌ദുള്‍ സലാം എന്ന യുവാവിൻ്റെ സമയോചിത ഇടപെടലാണ് രക്ഷയായത്. അപകടം നടന്നപ്പോള്‍ അതുവഴിപോവുകയായിരുന്ന മറ്റൊരു ലോറിയിലെ ഡ്രൈവറായിരുന്നു സലാം. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ലോറി സൈഡിലൊതുക്കി അപകടസ്ഥലത്തേക്ക് വരികയും അഗ്നിരക്ഷാ ഉപകരണമെടുത്ത് തീയണയ‌്ക്കുകയുമായിരുന്നു.
സൗത്ത് കളമശേരി ഹിന്ദ് ഗ്യാസ് ഗോഡൗണില്‍നിന്ന് 60 പാചകവാതക സിലിന്‍ഡറുമായിപോവുകയായിരുന്ന ലോറി പ്രീമിയര്‍ കവലയില്‍ മുട്ടം ഭാഗത്തേക്ക് സിഗ്നല്‍ കാത്തുകിടക്കുമ്പോൾ അടിഭാഗത്ത് ഡീസല്‍ പൈപ്പിന് തീപിടിച്ചാണ് അപകടമുണ്ടായായത്. ക്യാബിന് അടിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഇതുകണ്ട വഴിയാത്രക്കാരും മറ്റു വാഹനങ്ങളിലുള്ളവരും വ്യാപാരികളും ഇറങ്ങിയോടി. ആ സമയമാണ് ധീരതയോടെ സലാമിൻ്റെ അപ്രതീക്ഷിതവരവെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു.
അതെ സിഗ്നൽ കാത്തുനിന്ന മറ്റൊരു ടാങ്കര്‍ ലോറിയിൽ നിന്നുമാണ് സലാം അഗ്നിരക്ഷാ ഉപകരണമെടുത്ത് തീയണയ്ക്കാൻ തുടങ്ങിയത്. ഇത് കണ്ട ഓട്ടോറിക്ഷ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും കച്ചവടക്കാരും ഒപ്പം കൂടി. തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ അഗ്നിരക്ഷാ ഉപകരണങ്ങളെടുത്താണ് ഇവർ തീയണയ്ക്കാൻ ഒപ്പം കൂടിയത്. അതിനാൽ വലിയ അപകടം ഒഴിവാവാവുകയായിരുന്നു. സംഭവം അറിഞ്ഞ പോലീസ് ഇരുഭാഗത്തും റോഡിൽ വാഹനഗതാഗതം തടഞ്ഞുനിർത്തി രക്ഷാപ്രവർത്തകരെ സഹായിച്ചു. ഉടൻ തന്നെ ഏലൂര്‍, തൃക്കാക്കര, ഗാന്ധിനഗര്‍ ഫയര്‍സ‌്റ്റേഷനുകളില്‍നിന്നും യൂണിറ്റുകള്‍ എത്തിയപ്പോഴേക്കും തീ പൂര്‍ണമായും സലാമും കൂട്ടരും അണച്ചിരുന്നു. സംഭവത്തിൽ സലാമിൻ്റെ കൈക്ക് പൊള്ളലേറ്റിയിട്ടുണ്ട്.