ന്യൂഡല്‍ഹി: ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ ജേതാവായ ഇന്ത്യയുടെ പി.വി സിന്ധുവിന് ലഭിച്ച സമ്മാനതുക കേട്ട് ഞെട്ടിയത് സ്വര്‍ണ്ണമെഡല്‍ ജേതാവ് കരോളിന മാരിന്‍!. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു കരോളിന. സിന്ധു കോടീശ്വരിയായത് താന്‍ അറിഞ്ഞെന്നും തനിക്ക് സ്പാനിഷ് സര്‍ക്കാരില്‍ നിന്നും കിട്ടിയ തുക സിന്ധുവിനു ലഭിച്ചതിന്റെ 10 ശതമാനം പോലും വരില്ലെന്നാണ് കരോളിന പറയുന്നത്.

ബാഡ്മിന്റണ്‍ ഇവിടെ ജനപ്രിയമാണ്, എന്നാല്‍ സ്‌പെയിനില്‍ ചിലയിടത്തു മാത്രമാണ് ബാഡ്മിന്റണ് പ്രാധാന്യമുള്ളത്, ബാഡ്മിന്റണിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ഇത് നല്ലൊരു മാതൃകയാണ്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കരോളിന ഇക്കാര്യം തുറന്നു പറഞ്ഞത്. 70 ലക്ഷത്തോളം രൂപയാണ് സ്പാനിഷ് സര്‍ക്കാരില്‍ നിന്ന് തനിക്ക് ലഭിച്ചത്. എന്നാല്‍ സിന്ധുവിനാകട്ടെ 13 കോടിയോളം രൂപയും!. ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ താരം സാക്ഷിമാലിക്കിന് ആറു കോടിയോളം രൂപ സമ്മാനമായി ലഭിച്ചിരുന്നു.

സിന്ധുവിനു ലഭിച്ച സമ്മാന തുകയുടെ വലിപ്പത്തില്‍ കരോളിനയുടെ പരിശീലകനായ ഫെര്‍ണാഡോ റിവസും അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ഒളിമ്പിക്‌സ് വിജയികള്‍ക്ക് ലഭിക്കുന്ന പിന്തുണയുടെ കാര്യത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് ഫെര്‍ണാഡോ പറയുകയുണ്ടായി.