ചേര്‍ത്തല: നടുറോഡില്‍ സിനിമാ സ്‌റ്റൈലില്‍ എസ്.ഐ യുടെ പരാക്രമത്തില്‍ മന്ത്രിയുടെ മകനും ഇരയായി. വാഹന പരിശോധനയ്ക്കിടെ എസ്.ഐ തന്റെ മകന്റെ വണ്ടിയുടെ താക്കോല്‍ ഊരിയെടുത്തെന്ന പരാതിയുമായി ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ ഡി.ജി.പിയെ സമീപിച്ചു. സംഭവത്തില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചേര്‍ത്തല ഡി.വൈ.എസ്.പി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്നു അന്വേഷണം ആരംഭിച്ചതായി ഡി.വൈ.എസ്.പി എ.ജി ലാല്‍ പറഞ്ഞു. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിന് സമീപം ദേശീയ പാതയോരത്തായിരുന്നു സംഭവം. മന്ത്രിയുടെ മകന്‍ അര്‍ജുനും സുഹൃത്തും ബൈക്കില്‍ വരുമ്പോഴായിരുന്നു എസ്ഐ ബൈക്കിന്റെ കീ ഊരിയടുത്തത്. മുഖ്യമന്ത്രി കടന്നു പോകുന്നതിനാല്‍ പോലീസ് നിയന്ത്രണത്തിലായിരുന്ന റോഡില്‍ നിര്‍ദേശ പ്രകാരം ബൈക്ക് മാറ്റാന്‍ കഴിയാതെ വന്നതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് എസ്ഐ ബൈക്കിന്റെ കീ ഊരിയെടുക്കുകയും രേഖകളുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കീ ഉണ്ടെങ്കിലെ രേഖകളെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് പറഞ്ഞിട്ടും എസ്ഐ കേള്‍ക്കാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം.
മന്ത്രിയുടെ മകനാണെന്ന് അറിയിച്ചപ്പോള്‍ എസ്.ഐ കൂടുതല്‍ മോശമായി പെരുമാറിയതായും വിവരമുണ്ട്. ഈസമയം തിരുവനന്തപുരത്തായിരുന്ന മന്ത്രി പി തിലോത്തമന്‍ സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഡിജിപിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഡി.വൈ.എസ്.പി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെ പോലീസുകാര്‍ താക്കോല്‍ അര്‍ജുന്റെ വീട്ടിലെത്തിക്കുകയായിരുന്നു. അതേസമയം താക്കോല്‍ ഊരിയെടുത്ത സംഭവം അടിസ്ഥാന രഹിതമാണെന്നാണ് പോലീസ് പറയുന്നത്. കെ.എസ്.യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന വിവരത്തെ തുടര്‍ന്നാണ് ബൈക്ക് നീക്കാന്‍ ആവശ്യപ്പെട്ടതെന്നും വാഹനം മാറ്റാത്ത സാഹചര്യത്തില്‍ രേഖകള്‍ പരിശോധിക്കുക മാത്രമാണ് ഉണ്ടായതെന്നും പോലീസ്.
സിനിമ സ്റ്റൈലില്‍ എസ്.ഐ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു; മന്ത്രിയുടെ മകനാണെന്നറിയിച്ചപ്പോള്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു; മന്ത്രി തിലോത്തമന്‍ ഡി.ജി.പിയെ അറിയിച്ചതോടെ താക്കോല്‍ വീട്ടിലെത്തിച്ചു