കൊച്ചി: ബാല്യകാലം മുതലേ സിനിമയെ സ്‌നേഹിച്ച ദീപന്‍ ഡബിങ് ആര്‍ട്ടിസ്റ്റായ അമ്മ ആനന്ദവല്ലിയുടെ പിന്തുണയോടെയാണ് സഹസംവിധായകനായി സിനിമാലോകത്തേക്ക് ചുവടുവെച്ചത്. പ്രശസ്ത സംവിധായകനായ ഷാജി കൈലാസിന്റെ ശിക്ഷ്യനായുള്ള വരവ് ചലച്ചിത്ര ലോകം ഇരുകൈകള്‍ കൊണ്ട് സ്വീകരിച്ചു. സൂപ്പര്‍ ഹിറ്റുകളുടെ സഹായിയായുള്ള പ്രവര്‍ത്തനം ദീപന്റെ സിനിമാ പ്രവര്‍ത്തകനെ പുതിയ തലത്തിലെത്തിച്ചുവെന്നതാണ് വാസ്തവം. പരീക്ഷണ ചിത്രങ്ങളിലൂടെ വേറിട്ട വഴിയിലായിരുന്നു ദീപന്‍ യാത്ര ചെയ്തത്. ആറാം തമ്പുരാന്‍, എഫ് ഐ ആര്‍, വല്യേട്ടന്‍, നരസിംഹം തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചു. ഈ സിനിമകളുടെ ആവേശമാണ് തന്റെ ചിത്രത്തിലേക്കും സന്നിവേശിപ്പിക്കാന്‍ ദീപന്‍ ശ്രമിച്ചത്. ഷാജി കൈലാസിന്റെ സഹായിയായി സിനിമയിലെത്തിയ ദീപന്‍ ഏഴ് സിനിമകള്‍ സംവിധാനം ചെയ്തു. 2003ല്‍ അന്നത്തെ സമകാലിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയവുമായി ദീപന്‍ കെ കരുണാകരന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പ്രമേയമാക്കി എടുത്ത ചിത്രം ‘ദ് കിങ് മേക്കര്‍ ലീഡര്‍’ തിയേറ്ററുകളിലെത്തി. അങ്ങനെ കന്നി ചിത്രം പിറന്നു. ഇതിന് തിയേറ്ററുകളില്‍ വലിയ അംഗീകാരം കിട്ടിയില്ലെങ്കിലും സംവിധായക മികവ് സിനിമാ ലോകം തിരിച്ചറിഞ്ഞു.

പക്ഷേ ദ് കിങ് മേക്കര്‍ ലീഡറുടെ സാമ്പത്തിക പരാജയം ദീപന് നല്‍കിയത് വലിയൊരു ഇടവേളയായിരുന്നു. അഞ്ച് കൊല്ലം അടുത്ത സിനിമയ്ക്കായി തയ്യാറെടുപ്പുകള്‍ നടത്തി. അതിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ‘പുതിയമുഖം’ ചിത്രവുമായെത്തി. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമയിലൂടെ പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തെ ദീപന്‍ മാറ്റി മറിച്ചു. കരുത്തുള്ള നായകനായി പൃഥ്വിരാജിനെ മാറ്റിയതും സൂപ്പര്‍ താര പദവിയിലേക്ക് പിടിച്ചുയര്‍ത്തിയും ഈ സിനിമയായിരുന്നു. പൃഥ്വിരാജിന് ‘പുതിയമുഖം’ നല്‍കിയ വഴിത്തിരിവ് വഴി ദീപന്റെ മികവ് ഏവരും അംഗീകരിച്ചു. ഷാജി കൈലാസുമായുള്ള ബന്ധം മൂലം മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താര രാജക്കന്മാരുമായും ദീപന് അടുത്ത ബന്ധമുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി മാത്രം ജീവിക്കാന്‍ കൊതിച്ച സംവിധായകനെ മരണം തട്ടിയെടുക്കുന്നതും അപ്രതീക്ഷിതമായിട്ടാണ്. വൃക്ക സംബന്ധമായ അസുഖത്തേതുടര്‍ന്ന് രണ്ട് ആഴ്ചയോളമായി ചികിത്സയിലായിരുന്ന ദീപന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിരിക്കുന്നത്. ദീപന്റെ ജീവിതത്തിലെ അവസാന ചിത്രമാണ് ജയറാമിനെ നായകനാക്കിയുള്ള ‘സത്യ’. പക്ഷെ അത് കാണാനുള്ള ഭാഗ്യം ദൈവം ദീപന് കൊടുത്തില്ലെന്നതാണ് നിര്‍ഭാഗ്യകരം. ദീപന്റെ നിര്യാണത്തില്‍ സിനിമാ ലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.