തിരുവനന്തപുരം: മലയാള സിനിമയില്‍ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ പുതിയ സംഘടന വരുന്നു. മഞ്ജു വാരിയര്‍, ബീനാ പോള്‍, പാര്‍വ്വതി, സജിതാ മഠത്തില്‍, റിമാ കല്ലിങ്കല്‍, ദീദി ദാമോദരന്‍, വിധു വിന്‍സെന്റ്, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന സംഘടനയുടെ പേര് വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്നാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സംഘടന രൂപീകരിക്കുന്നത്. ഈയിടെ ഒരു യുവനടിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സിനിമയിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് വ്യാപകമായി വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് പുതിയ സംഘടന പ്രസക്തമാകുന്നത്. പുതിയ സംഘടന നിലവിലെ മലയാള ചലച്ചിത്ര സംഘടനകള്‍ക്ക് ബദലല്ലെന്നും അമ്മ, മാക്ട, ഫെഫ്ക എന്നീ സംഘടനകളിലെ വനിതകളും പുതിയ സംഘടനയുമായി സഹകരിക്കുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പു വരുത്തുകയാണ് സംഘടന ലക്ഷ്യമിടുന്നത് എന്നും ഇവര്‍ അറിയിച്ചു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്ന സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. പുതിയ സംഘന ഉണ്ടാവുമ്പോള്‍ ഇത് ചര്‍ച്ച ചെയ്യാന്‍ ഒരു വേദികൂടിയാണുണ്ടാകുന്നത്.