
ഹൈദരാബാദ്: തെലങ്കാന ചെവല്ലയിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളായ കശ്മീര്‍ സ്വദേശികള്‍ ഹൈദരാബാദിലെ സെക്കന്തരാബാദില്‍ അറസ്റ്റിലായി. കശ്മീര്‍ സ്വദേശികളായ ജമീല്‍, ഒമര്‍ ഫൈസ്, ജമീല്‍ ഗുള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ആക്ട് പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും ആദരസൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രിംകോടതി വിധി അനുസരിക്കാതിരുന്നതാണ് അറസ്റ്റ് ചെയ്യപ്പെടാന്‍ കാരണം.

സിനി മന്ത്ര തിയേറ്ററിലെത്തിയ വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനത്തിനിടെ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ തിയേറ്റര്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടോ എന്നറിയാനായി ഇവരുടെ താമസസ്ഥലവും പരിശോധിച്ചശേഷമാണ് ജാമ്യം അനുവദിച്ചത്.
