കൊച്ചി: കുമളിയിലെ ലൊക്കേഷനില്‍ വച്ച് തനിക്കെതിരെ ലൈംഗിക അതിക്രമമുണ്ടായെന്ന പരാതിയുമായി പ്രശസ്ത മേക്ക്അപ്പ വുമണ്‍ ജൂലി ജൂലിയന്‍. നിത്യാ മേനോനെ നായികയാക്കി വി.കെ പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന പ്രാണ എന്ന ചിത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് ജൂലിയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവം സംബന്ധിച്ച് എറണാകുളം ഐ.ജി ഓഫീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ജൂലി. ഈമാസം 15നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. തലേദിവസം ലൊക്കേഷനില്‍ നിന്നും തിരിച്ചെത്തിയപ്പോല്‍ സലിം വില്ലയിലെ തന്റെ മുറി തുറന്നു കിടക്കുകയായിരുന്നു. മുറിയില്‍ നിന്ന് വിലയേറിയ ബ്രാന്‍ഡഡ് മേക്കപ്പ് സാധനങ്ങള്‍ മോഷണം പോയിരുന്നു. ഇതേച്ചൊല്ലി വില്ലയുടെ ഉടമസ്ഥരുമായി കലഹിച്ചിരുന്നതായി ഇവര്‍ പറയുന്നു. തുടര്‍ന്ന് ഉടമയും ഒരു സംഘം ഗുണ്ടകളും മുറിയില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജൂലിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ശക്തമായ ചെറുത്തുനില്‍പ്പും ശബ്ദം കേട്ട് ആളുകള്‍ എത്തിയതിനാല്‍ അവര്‍ പിന്തിരിയുകയായിരുന്നു.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയെയും എതിര്‍കക്ഷിയാക്കിയാണ് ജൂലി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിന് ശേഷം ചിത്രത്തിലെ ജോലിയില്‍ തന്നെ ഒഴിവാക്കിയെന്നും ആരും പിന്നീട് ബന്ധപ്പെട്ടില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം, ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ജൂലിയെ സെറ്റില്‍ നിന്ന് പറഞ്ഞുവിട്ടതെന്ന് ‘പ്രാണ’യുടെ സംവിധായകന്‍ വി.കെ.പ്രകാശ് പറഞ്ഞു. 11 വര്‍ഷമായി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന ജൂലി അടുത്തിടെ പുറത്തിറങ്ങിയ മെര്‍സലില്‍ നിത്യ മേനോന്റെ പേഴ്‌സണല്‍ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, ഇഷ തല്‍വാര്‍, നൈല ഉഷ, നസ്രിയ തുടങ്ങിയ പ്രശസ്ത നടിമാര്‍ക്ക് മേക്ക്അപ്പ് ചെയ്തിട്ടുണ്ട്.
