സിനിമയില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായിഒഴിവാക്കണം; നിയമസഭാ സമിതിയുടെ ശുപാർശയ്ക്ക് ഒരു വിയോജന കുറിപ്പ്

  • Post category:news
  • Reading time:2 mins read
You are currently viewing സിനിമയില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായിഒഴിവാക്കണം; നിയമസഭാ സമിതിയുടെ ശുപാർശയ്ക്ക് ഒരു വിയോജന കുറിപ്പ്

സിനിമയില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ.ഇത്തരം രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ മാത്രമെ സിനിയ്ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാവൂ എന്നും ശുപാർശയിൽ പറയുന്നു . കുട്ടികള്‍ അനുകരിക്കുമെന്നതി നാലാണ് ഇത്.

സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെതാണ് റിപ്പോര്‍ട്ട്. പി. ആയിഷ പോറ്റി എം.എല്‍.എയാണ് സമിതിയുടെ അധ്യക്ഷ. നിലവില്‍ മദ്യപാന രംഗങ്ങളും പുകവലിക്കുന്ന രംഗങ്ങളും കാണിക്കുമ്പോള്‍ നിയമപരമായി മുന്നറിയിപ്പു നല്‍കണമെന്നാണ് ചട്ടം.

സമിതി ഒരു കാര്യം മനസ്സിലാക്കുക. സിനിമയിൽ കാണുന്നതുപോലെ ജീവിതം പകർത്താൻ ശ്രമിക്കുന്ന ന്യൂനപക്ഷമെങ്കിലും ഉണ്ടാകാം. അവരെ ബോധവൽക്കരിക്കാനാണ് ശ്രമമെങ്കിൽ ടൈറ്റിൽ കാർഡ് തെളിയുന്നതിന് മുൻപേ ശ്വാസകോശം സ്പോഞ്ച് പോലെയാണെന്നും സ്ലിപ്പിൽ ക്യാച്ച് മിസ്സാക്കരുതെന്നുമൊക്കെയുള്ള പുകയില വിരുദ്ധ ക്യാമ്പെയിനുകൾ കാണിക്കുന്നുണ്ടല്ലോ ? അതിന്‍റെ കൂട്ടത്തിൽ ഹെൽമറ്റിന്‍റെ ആവശ്യകത കാണിക്കുന്ന ഒരു ഡോക്യുമെന്ററി കൂടെ കാണിക്കൂ. മറ്റ് എല്ലാ സദാചാരങ്ങളും പഠിപ്പിക്കുന്ന ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കൂ.

സിനിമ കണ്ട് അതിലുള്ളതൊക്കെ ജനങ്ങൾ പ്രാവർത്തികമാക്കും എന്നാണെങ്കിൽ സിനിമയിലുള്ള സർവ്വഗുണസമ്പന്നന്മാരായ നായകന്മാരുടെ കാര്യമെടുക്കൂ. അവരെ കണ്ട് അവർ ചെയ്യുന്നതുപോലെ നീതിക്കും ന്യായത്തിനും വേണ്ടി പൊരുതാനും ജീവിക്കാനും കൂടെ ജനം തുനിയണമല്ലോ ? അങ്ങനെ സംഭവിക്കുന്നുണ്ടോ ?
ഇനിയിപ്പോൾ നായകൻ തന്നെ മോശക്കാരനാ‍ണെങ്കിലോ ? ഉദാഹരണത്തിന്, നല്ല നായകനായിരുന്നെങ്കിലും ഒരു പ്രത്യേക ഡയലോഗിന്‍റെ പേരിൽ പഴി കേൾക്കേണ്ടി വന്ന ആളാണ് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ നായകൻ ബിജു.

അത്ര സുന്ദരിയും അംഗലാവണ്യവും ഇല്ലാത്തവളുമായ ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ച്, ‘ഇവളെപ്പോലൊരുത്തിയെ മാത്രമേ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളോടാ‘ എന്ന് സമാനമായ ഒരു ഡയലോഗ് പറഞ്ഞതിനാണ് നായകൻ ബിജു പ്രതിക്കൂട്ടിലായത്. അതേറ്റവും മോശം സ്ത്രീവിരുദ്ധ കമന്റ് ആണെന്നായിരുന്നു വിമർശനം.

പ്രേക്ഷകനെ സദാചാരവും സന്മാർഗ്ഗവുമൊക്കെ പഠിപ്പിക്കാൻ വേണ്ടിയുള്ള മാധ്യമമാണ് സിനിമ എന്നാണ് അധികാരികൾ കരുതുന്നതെങ്കിൽ അങ്ങനെയുള്ള രംഗങ്ങളിൽ, നിയമപരമായി കുറ്റമാണെന്നും നിയമനടപടികൾക്ക് വിധേയമാകാൻ പോന്നതാണെന്നും എഴുതിക്കാണിക്കുക കൂടെ വേണം. അത് മാത്രമായിട്ട് എന്തിനൊഴിവാക്കണം ?

ബസ്സ് സ്റ്റോപ്പിൽ നിൽക്കുന്ന സ്ത്രീകളെ കമന്റടിക്കുന്ന രംഗം, ബസ്സിൽ സ്ത്രീകളെ ഉപദ്രവിക്കുന്ന രംഗങ്ങൾ, ബസ്സ് യാത്രയ്ക്കിടയിൽ മാല പോട്ടിക്കുന്നത്. (ഉദാ:- തൊണ്ടിമുതലും ദൃക്‌‌സാക്ഷിയും) ബലാത്സംഗ രംഗങ്ങൾ, സ്ത്രീകളെ അടിക്കുകയും അക്രമിക്കുകയും ചെയ്യുന്ന രംഗങ്ങൾ, കുട്ടികളോട് മോശമായി പെരുമാറുന്ന രംഗങ്ങൾ, മോഷണ രംഗങ്ങൾ, സ്ത്രീയായാലും പുരുഷനായാലും കഥാപാത്രങ്ങൾ പരസ്പരം അടിക്കുകയും ആക്രമിക്കുകയും തോക്ക് അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുന്ന രംഗങ്ങൾ, പരപുരുഷ-പരസ്ത്രീ ബന്ധരംഗങ്ങൾ, കള്ളക്കടത്ത് രംഗങ്ങൾ, ആത്മഹത്യാ രംഗങ്ങൾ, ഉയരങ്ങളിൽ നിന്ന് ചാടുന്ന രംഗങ്ങൾ എന്നുതുടങ്ങി സിനിമയിൽ കാണിക്കുന്ന എല്ലാ അധാർമ്മിക അമാനുഷിക രംഗങ്ങളുടെ സമയത്തും അതാത് പ്രവർത്തികളുടെ ദൂഷ്യഫലങ്ങളും, അതാത് കുറ്റങ്ങൾക്ക് ഇന്ത്യൻ പീനൽ കോഡ് അനുശാസിക്കുന്ന ശിക്ഷകളും എഴുതിക്കാണിക്കൂ. സിനിമയിലെ പുകവലി, മദ്യപാന, ഹെല്‍മേറ്റ് രംഗങ്ങൾ മാത്രമല്ലല്ലോ ജനത്തെ വഴിപിഴപ്പിക്കാൻ സാദ്ധ്യതയുള്ളത്. അഥവാ സിനിമ കണ്ടതുകൊണ്ട് മാത്രം ആരും അൽ‌പ്പം പോലും വഴിപിഴച്ച് പോകരുതല്ലോ ?

സിനിമ ഒരു കലാരൂപമാണ്. പച്ചയായ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത് പാത്രസൃഷ്ടി നടത്തിയ രംഗങ്ങൾ അതിലുണ്ടാകാം. കഥാകൃത്തിന്‍റെയോ തിരക്കഥാകൃത്തിന്‍റെയോ സംവിധായകന്‍റെയോ ഭാവനയിൽ നിന്നുണ്ടായ, നിത്യജീവിതത്തിൽ ഒരുകാലത്തും സംഭവിക്കാൻ സാദ്ധ്യതയില്ലാത്ത കാര്യങ്ങളും സിനിമയിൽ പാത്രീഭവിച്ചെന്ന് വരാം. അതിന്‍റെയെല്ലാം ആകെത്തുക തന്നെയാണ് സിനിമ. അല്ലാതെ പൊതുജനത്തെ സന്മാർഗ്ഗജീവിതം പഠിപ്പിക്കാനുള്ള ഉപാധിയാണ് സിനിമയെന്ന കലാരൂപമെന്ന് ധരിച്ച് വശാകുന്നത് അബദ്ധമാണ്.

0Shares