തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസി ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദമാണ് ലിംഗം ഛേദിച്ച നിലയില്‍ ആശുപത്രിയില്‍ കഴിയുന്നത്.
തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23-കാരിയായ യുവതി പൊലീസിന് നല്‍കിയ മൊഴി. വീണ്ടും വീണ്ടും പീഡനത്തിനിരയാകേണ്ട സാഹചര്യം വന്നതിനാലാണ് തനിക്കിത് ചെയ്യേണ്ടിവന്നതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

ഗണേശാനന്ദ തീര്‍ത്ഥപാദം കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് ആശുപത്രി അധികൃതര്‍ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണെന്നും അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പൊലീസ് പറയുന്നു. ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ തുടരുന്ന ഹരിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടി പേട്ട പൊലിസ് സ്റ്റേഷനിലാണുള്ളത്. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യും.