സാലറി ചലഞ്ചില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി; സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ പണം വാങ്ങൂവെന്ന് മന്ത്രി തോമസ് ഐസക്

  • Post category:news
  • Reading time:2 mins read
You are currently viewing സാലറി ചലഞ്ചില്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി; സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ പണം വാങ്ങൂവെന്ന് മന്ത്രി തോമസ് ഐസക്

ന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളി. വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സാലറി ചലഞ്ചിന്റെ ഭാഗമായി വിസമ്മത പത്രം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ നടപടിയെ കോടതി വിമര്‍ശിച്ചു സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിന് എതിരെയായിരുന്നു ഹൈക്കോടതിയുടെ വിധി. വിസമ്മതപത്രം നല്‍കണമെന്ന് നിര്‍ദേശിക്കുന്ന വിജ്ഞാപനത്തിന്റെ പത്താം വകുപ്പാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. ഈ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാരായ ഞങ്ങളും പണം നല്‍കിയിട്ടുണ്ട്. അങ്ങനെ പണം നല്‍കേണ്ട എന്നതായിരുന്നു താല്‍പര്യമെങ്കില്‍ പണം നല്‍കാതിരുന്നാല്‍ മതി. പല കാരണങ്ങള്‍ക്കൊണ്ട് പണം നല്‍കാന്‍ സാധിക്കാത്തവരുണ്ടാകും. വിസമ്മത പത്രം നല്‍കി അവര്‍ക്ക് സ്വയം അപമാനിതരാകേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. നല്‍കുന്ന പണം ദുരിതാശ്വാസത്തിനാണോ ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ പണം നല്‍കുന്നവര്‍ക്ക് യാതൊരു ഉറപ്പുമില്ല. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ടാക്കുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തിനെതിരെ എന്‍.ജി.ഒ അസോസിയേഷനാണ് ആദ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. അടിയന്തരമായി ഇടക്കാല ഉത്തരവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ പിരിച്ച തുക വകമാറ്റി ചെലവഴിച്ച വിവരം തന്റെ ചേംബറിലേയ്ക്ക് വന്നാല്‍ വിശദമായി പറഞ്ഞുതരാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിഭാഷകരോട് പറഞ്ഞു. അതേസമയം സാലറി ചലഞ്ചില്‍ സുപ്രീംകോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി തോമസ് ഐസക് സമ്മതിച്ചു. സര്‍ക്കാര്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് കോടതി എടുത്തത്. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം ശമ്പളം ഈടാക്കൂ. ഭൂരിപക്ഷം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടുണ്ട്. കോടതി വിധി അനുസരിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തുമെന്നും തോമസ് ഐസക് പറഞ്ഞു. 454 കോടി രൂപ ദുരിതാശ്വാസത്തിനായി ചെലവഴിച്ചു. മഹാഭൂരിപക്ഷം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ തീരുമാനം വരട്ടെയെന്നും ധനമന്ത്രി പറഞ്ഞു. ഇതുവരെ 1874 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ടുണ്ട്. 454 കോടി രൂപ പണമായിട്ടും 1200 കോടി രൂപ സ്ഥലവും മറ്റ് സഹായങ്ങളുമായി ലഭിച്ചിട്ടുണ്ടെന്നും ധനമന്ത്രി പ്രതികരിച്ചു.

0Shares