
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലി പ്രതിഷേധം തെരുവുകളിലേക്ക് കടക്കുന്നു. രാജ്യത്തെ സാമ്പത്തികാവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടും വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ ചൊല്ലിയും കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി യൂത്ത് കോണ്‍ഗ്രസ് ആണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്.

ഇന്നലെ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍റെ ന്യൂഡല്‍ഹിയിലെ വസതിയിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. വസതിയിലെത്തുന്നതിന് മുമ്പേ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെ പോലീസ് തടഞ്ഞു. സാമ്പത്തിക വ്യവസ്ഥയും തൊഴിലും ഗുരുതരവാസ്ഥയിലാണ്. ഈ സമയത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍ കാര്യമായി എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ശ്രീനിവാസ് ബി.വി പറഞ്ഞു.
കോണ്‍ഗ്രസും ഒക്ടോബര്‍ മാസത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ മുന്‍നിര്‍ത്തി ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയുമാണ് ഈ പ്രക്ഷോഭത്തെ നയിക്കുക.
