
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഇടക്കിടെ വിളിച്ചുപറയുന്നതിലല്ല ഒരു ധനകാര്യമന്ത്രിയുടെ മിടുക്ക് കാണേണ്ടത്. അത് എങ്ങനെ പരിഹരിക്കുമെന്ന് പറയുന്നതിലാണ്. തന്റെ ധനകാര്യ മാനേജ്‌മെൻറ് പൂർണ്ണപരാജയമാണെന്ന് ഇനിയെങ്കിലും തോമസ് ഐസക്ക് തുറന്നു സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താങ്കൾക്ക് ഇപ്പോഴെന്തോ സംഭവിച്ചിട്ടുണ്ട്. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് താങ്കൾ ഇതിലും നല്ല മന്ത്രിയായിരുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഇടക്കിടെ വിളിച്ചുപറയുന്നതിലല്ല ഒരു ധനകാര്യമന്ത്രിയുടെ മിടുക്ക് കാണേണ്ടത് അത് എങ്ങനെ പരിഹരിക്കുമെന്ന് പറയുന്നതിലാണ്. ശ്രീ തോമസ് ഐസക്ക് അങ്ങയുടെ ധനകാര്യമാനേജുമെൻറ് പൂർണ്ണപരാജയമാണ് എന്ന് ഇനിയെങ്കിലും അങ്ങ് തുറന്നു സമ്മതിക്കാൻ തയ്യാറാവണം. എന്തുകൊണ്ടാണ് വിഭവസമാഹരണം പരാജയപ്പെടുന്നത്, എന്തുകൊണ്ട് ആരും ഇവിടെ നിക്ഷേപിക്കാൻ തയ്യാറാവുന്നില്ല, ജി. എസ്. ടി എന്തുകൊണ്ട് ഇവിടെ ഫലപ്രദമാവുന്നില്ല തുടങ്ങി ഒരുപാട് ചോദ്യങ്ങൾക്ക് താങ്കളാണ് ഉത്തരം പറയേണ്ടത്.
ധൂർത്തും അമിതചെലവും നിയന്ത്രിക്കാൻ എന്തു നടപടി അങ്ങ് എടുക്കുന്നു എന്നതെല്ലാം അറിയാൻ ജനങ്ങൾക്കും താൽപ്പര്യമുണ്ടാവില്ലേ? കേന്ദ്രത്തിനെതിരെ വെറുതെ പ്രസ്താവന ഇറക്കിയാൽ പോരാ. എവിടെയാണ് കേന്ദ്രവിഹിതം കുറഞ്ഞത്? ഏതൊക്കെ മേഖലയിൽ? പതിനാലാം ധനകാര്യകമ്മീഷൻ ശുപാർശ അനുസരിച്ച് എത്ര തുക കൂടുതൽ കിട്ടി? കണക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ധവളപത്രം പുറത്തിറക്കാൻ അങ്ങു തയ്യാറുണ്ടോ? സംസ്ഥാനം സ്വന്തം നിലയിൽ പ്രതിസന്ധി പരിഹരിക്കാൻ എടുത്ത നടപടികൾ എന്തെല്ലാം? എന്തായി അങ്ങു കൊട്ടിഘോഷിച്ച കിഫ്ബിയുടെ ഇപ്പോഴത്തെ അവസ്ഥ? കിട്ടിയ കേന്ദ്രവിഹിതം എത്ര ശതമാനം ചെലവഴിച്ചു? തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നീക്കിവെച്ച തുകയിൽ എത്രശതമാനം ചെലവഴിച്ചു? കഴിഞ്ഞ ബജറ്റിൽ അങ്ങു പ്രതീക്ഷിച്ച വരുമാനം എന്തുകൊണ്ടുണ്ടായില്ലെന്ന് അടുത്ത ബജററു വരാൻ ഒരുമാസം ബാക്കി നിൽക്കെയെങ്കിലും അങ്ങ് പറയേണ്ടതല്ലേ?
ശരിയാണ് പതിവു സാമ്പത്തിക സർവേയിൽ അങ്ങു പറയുമായിരിക്കും. എന്നാൽ പുതിയ ബജറ്റിലെങ്കിലും ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നും അങ്ങയുടെ ഭാഗത്തുനിന്ന് പൊതുജനം പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ ബജറ്റിൽ അങ്ങു പ്രഖ്യാപിച്ച പലതും ഇപ്പോഴും വായുവിൽ തന്നെ കിടക്കുകയാണ്. ശമ്പളവും പെൻഷനും കൊടുക്കാനും മാത്രമായി നമുക്കൊരു ധനമന്ത്രിയുടെ ആവശ്യമുണ്ടോ? അങ്ങേക്ക് കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. വി. എസിന്റെ കാലത്ത് അങ്ങ് ഇതിലും നല്ല ധനമന്ത്രിയായിരുന്നു എന്ന് പറയാൻ മടിയില്ല. വല്ലപ്പോഴും താങ്കൾ ഒന്നു കണ്ണാടിയിൽ നോക്കുന്നത് നല്ലതാണ്. സ്വയം വിലയിരുത്തലാണ് ഏതു ഭരണാധികാരിയും ആദ്യം ചെയ്യേണ്ടത്.
