ജയ്പൂര്‍: കന്നുകാലികളെ കൊല്ലുന്നതും ബീഫ് ഉപയോഗവും കാരണമാണ് രാജ്യത്ത് വര്‍ഗ്ഗീയ വിദ്വേഷം പ്രചരിക്കുന്നതെന്നും അതിനാല്‍ പശു ഉള്‍പ്പെടെയുള്ള കന്നുകാലികളെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്നതും നിരോധിക്കണമെന്നും അജ്മേര്‍ ദര്‍ഗാ തലവന്‍ സെയ്നുള്‍ ആബേദിന് അലിഖാന് അഭിപ്രായപ്പെട്ടു. പശു വിശ്വാസത്തിന്റെ പ്രതീകമാണെന്നും അതിനെ സംരക്ഷിക്കേണ്ടത് ഭരണകൂടം ഉള്‍പ്പെടെ എല്ലാവരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. പശുവിനെ ദേശീയ മൃഗമാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അലിഖാന് വെളിപ്പെടുത്തി.

രാജ്യത്ത് സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ മുസ്ലീങ്ങള്‍ കന്നുകാലികളുടെ ഇറച്ചി ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. താനും കുടുംബവും ഇനിമുതല്‍ ബീഫ് കഴിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അജ്മേറിലെ ഖ്വാജ മൊയ്നുദ്ദീന് ചിസ്തിയുടെ 805-മത് വാര്‍ഷിക ഉറൂസിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവ് നല്കുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖ് സമ്പ്രദായം അനിസ്ലാമികമാണെന്നും അജ്മേര്‍ ദര്‍ഗാ തലവന്‍ സെയ്നുള്‍ ആബേദിന് അലിഖാന് കൂട്ടിച്ചേര്‍ത്തു.