
ഓച്ചിറ: മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന്‍റെ മൃതദേഹം ചാക്കില്‍ക്കെട്ടി ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിയെ ചെങ്ങന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം മറവു ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശിവകാശി സ്വദേശി മൈക്കിള്‍രാജി (പുളി 21)ന്റെ മൃതദേഹവുമായി പോയ സഹോദരി കസ്തൂരി (35)യാണ് പോലീസ് കസ്റ്റഡിയിലായത്.
ബൈക്കിനു പിന്നിലിരുന്ന കസ്തൂരിയാണ് മൃതദേഹം പിടിച്ചിരുന്നത്.
യാത്രയില്‍ മൃതദേഹത്തിന്‍റെ കാല്‍ റോഡിലുരഞ്ഞ് പാദം തകര്‍ന്നു. മൂന്ന് വിരലുകള്‍ക്കും സാരമായ പരിക്കു പറ്റി. യാത്രയ്ക്കിടെ ശക്തമായ മഴ വന്നതിനാല്‍ മൃതദേഹം കടത്തിണ്ണയില്‍ കിടത്തി, കസ്തൂരിയെ കാവല്‍ നിര്‍ത്തി മാസാണം കടന്നുകളഞ്ഞു. ഏറെസമയം കഴിഞ്ഞും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് ചെങ്ങന്നൂരിലുള്ള ബന്ധുക്കളെ കസ്തൂരി വിവരമറിയിച്ചു. ബന്ധുക്കള്‍ എത്തിയെങ്കിലും സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ അവരും അവിടെ നിന്നു മുങ്ങി.

ഭര്‍ത്താവിനെ കാണാതായതിനെ തുടര്‍ന്ന് രാത്രി തന്നെ കസ്തൂരി മൃതദേഹം ചുമന്ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ വിവരം ചെങ്ങന്നൂര്‍ പോലീസില്‍ അറിയിച്ചു. ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിനു സമീപം വാസവപുരത്ത് വാടകയ്ക്കു താമസിക്കുകയാണ് ഇവര്‍. ഭര്‍ത്താവ് മാസാണം (40), എട്ട് വയസുകാരിയായ മകള്‍ എന്നിവര്‍ക്കൊപ്പം ബൈക്കില്‍ മൃതദേഹവുമായി ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു യുവതി.
ചെങ്ങന്നൂര്‍ പാണ്ടനാട്ടുള്ള വീടിനു സമീപം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യം. പോലീസ് ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ കടത്തിണ്ണയില്‍ കഴിയുന്നവരാണെന്നും അസുഖം വന്ന സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി മരിച്ചതാണെന്നും കസ്തൂരി പറഞ്ഞു. എന്നാല്‍ മൃതദേഹ പരിശോധനയില്‍ യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതായി ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് കസ്തൂരിയെ കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂര്‍ പൊലീസും ഓച്ചിറ പോലീസും വിരലടയാള വിദഗ്‌ധരും ക്ലാപ്പനയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
വീട്ടില്‍ താമസിച്ചിരുന്ന ശിവകാശി സ്വദേശികളായ മറ്റൊരു കുടുംബവും ഇവിടെ നിന്ന് കടന്നുകളഞ്ഞു. യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രാത്രിയോടെ കസ്തൂരിയെ ചെങ്ങന്നൂര്‍ പോലീസ് ഓച്ചിറ പോലീസിന് കൈമാറി. മൈക്കിള്‍രാജിന്‍റെ മൃതദേഹം ശിവകാശിയിലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
