അങ്കോല: കുട്ടികള്‍ തമ്മില്‍ സ്‌കൂളിലും കളിക്കുമ്പോഴുമെല്ലാം വഴക്കുണ്ടാകുക സാധാരണമാണ്. എന്നാല്‍ ഈ പ്രശ്നങ്ങളില്‍ മാതാപിതാക്കള്‍ ഇടപെടുമ്പോഴാണ് കാര്യം വലുതാകുന്നതും അത് സംഘര്‍ഷത്തിലെത്തുന്നതും. അത്തരമൊരു സംഭവം കര്‍ണാടകയിലെ അങ്കോലയില്‍ ഒരു സ്‌കൂളില്‍ അരങ്ങേറി. സ്‌കൂളിലെ ഒരു കുട്ടി സഹപാഠി തല്ലിയെന്ന് വീട്ടില്‍ വന്ന് പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ കാര്യത്തെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതെ കുട്ടിയുടെ അമ്മയും അമ്മൂമ്മയും സ്‌കൂളിലെത്തി. കൂടാതെ മകനെ തല്ലിയ വിദ്യാര്‍ഥിയെ കണ്ടുപിടിച്ച് അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ചെരിപ്പ് ഉപയോഗിച്ച് കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു. ഇതോടെ പ്രശ്നം വഷളായി. തല്ലുകൊണ്ട കുട്ടി ഉടന്‍ വീട്ടിലെത്തി ഈ പ്രശ്നവും അവതരിപ്പിച്ചു. അതോടെ ഈ കുട്ടിയുടെ മാതാപിതാക്കളും പരാതിയുമായി സ്‌കൂളിലെത്തി.
സംഭവം സംഘര്‍ഷഭരിതമായതോടെ സ്‌കൂള്‍ അധികൃതര്‍ സംഗതി ഗൗരവത്തിലെടുത്തു. ഇരുകൂട്ടരേയും സ്‌കൂള്‍ മോണിറ്ററിങ്ങ് കമ്മിറ്റി യോഗത്തിന് ക്ഷണിച്ചു. രാവിലെ 10 മണിക്ക് യോഗം ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടു കുട്ടികളുടെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റം തുടങ്ങി. ഒടുവില്‍ സ്‌കൂള്‍ മുറ്റത്തേക്ക് ഇറങ്ങിയ കുട്ടികളുടെ അമ്മമാര്‍ പരസ്പരം പരിസരബോധമില്ലാതെ മണ്ണുവാരിയെറിയാനും ചവിട്ടാനും ചെരിപ്പൂരി എറിയാനുമൊക്കെ തുടങ്ങി. സംഭവം കൈവിട്ടെന്ന് മനസിലാക്കിയ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിളിച്ചു. പിന്നീട് പൊലീസ് മാതാപിതാക്കളേയും കൊണ്ട് സ്റ്റേഷനിലേക്ക് പോയി. ഇനി സ്‌കൂളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന് എഴുതിവാങ്ങിച്ചാണ് ഇവരെ വിട്ടയച്ചത്.