സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള; പ്രതിഷേധവുമായി ബി.ജെ.പി മുന്നോട്ട് പോകും

  • Post category:news
  • Reading time:1 min read
You are currently viewing സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള; പ്രതിഷേധവുമായി ബി.ജെ.പി മുന്നോട്ട് പോകും

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ചര്‍ച്ച പ്രഹസനം ആയിരുന്നെന്നും സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പ്രതികരിച്ചു. വിശ്വാസികളെ സര്‍ക്കാര്‍ അപമാനിക്കുകയാണ്. പ്രതിഷേധവുമായി ബി.ജെ.പി മുന്നോട്ട് പോകും. വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു.സര്‍ക്കാര്‍ നേരത്തേ തീരുമാനം എടുത്തുകൊണ്ടാണ് യോഗത്തിനെത്തിയത്. ജനാധിപത്യ രാജ്യത്ത് ജനഹിതത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. വിനാശകാലേ വിപരീത ബുദ്ധിയാണ് സര്‍ക്കാരിന്‍റേതെന്നും ശ്രീധരന്‍പിള്ള പറ‍ഞ്ഞു. എല്ലാ കക്ഷികളെയും വിളിച്ചുകൂട്ടി ഇങ്ങനെയൊരു നിലപാട് സര്‍ക്കാര്‍ എടുക്കാന്‍ പാടില്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു.

മതവിശ്വാസം അനുവര്‍ത്തിക്കാന്‍ പാടില്ലെന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ധിക്കാരപരമായ, ജനഹഹിതം മാനിക്കാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ നിലയില്‍ വിശ്വാസികള്‍ മുന്നോട്ട് പോകും. ഇത് സുപ്രീംകോടതിയോടോ നിയമവ്യവസ്ഥയോടോ ഉള്ള വെല്ലുവിളിയായി കണക്കാക്കരുത്. ശബരിമലയില്‍ വിശ്വാസികളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. സമവായ നീക്കമെന്ന രീതിയിലായിരുന്നു സര്‍ക്കാരിന്റെ സര്‍വകക്ഷി യോഗത്തെ വിലയിരുത്തിയിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന വ്യക്തമാക്കിയതോടെ സര്‍വകക്ഷിയോഗത്തിലും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

0Shares