സര്‍ക്കാരിനും സൈന്യത്തിനും പിന്തുണയുമായി കോൺഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാരിനും സൈന്യത്തിനും പിന്തുണയുമായി കോൺഗ്രസ്

ദില്ലി: പുല്‍വാമയിലെ ഭീകരാക്രമണ സംഭവത്തില്‍ വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കുന്നതിനോടപ്പം അവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരരെ നേരിടുന്നതില്‍ സര്‍ക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോണ്‍ഗ്രസ് ചേരുന്നത്. അതിനപ്പുറം ഒരു സംസാരത്തിനും ഈ സമയത്ത് പ്രസക്തിയില്ല. ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭീകരർ രാജ്യത്തെ വിഭജിക്കാനാണ് നോക്കുന്നത്, അത് ഒരിക്കലും അംഗീകരിക്കാനാവില്ല. നമ്മുടെ സൈനികരെ നോവിച്ച് രാജ്യത്തിന്‍റെ ആത്മാവിനെ തന്നെയാണ് അവർ ഇല്ലാതാകാൻ ശ്രമിക്കുന്നത്. അതിനാൽ രാഷ്ട്രീയം മറന്ന് തിരിച്ചടിക്കേണ്ട സമയമാണ് ഇതെന്നും അതിനുവേണ്ട പിന്തുണ സർക്കാരിനും സൈന്യത്തിനും നൽകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഈ സമയം രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും രാഹുൽ അഭ്യർത്ഥിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

അതേസമയം ഭീകരർക്കുള്ള തിരിച്ചടിക്ക് സൈന്യം സജ്ജമായി കഴിഞ്ഞു. ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് പൂർണാധികാരം നൽകി. തിരിച്ചടി ഉണ്ടാകുമെന്ന് ഇന്നലെത്തന്നെ കേന്ദ്രം അറിയിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് വ്യക്തമായതോടെ ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയും രംഗത്ത് വന്നു. അമേരിക്കൻ പൗരന്മാരോട് പാകിസ്ഥാൻ യാത്ര ഒഴിവാക്കാൻ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

0Shares