സഭയില്‍ ഇന്നും ബഹളം; എം.എം. മണിയെ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing സഭയില്‍ ഇന്നും ബഹളം; എം.എം. മണിയെ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ തീരുമാനം

തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ എം.എല്‍.എമാര്‍ മുദ്രാവാക്യവുമായി രംഗത്തെത്തുകയായിരുന്നു. മണിയെ സഭയില്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കു നേരെ മന്ത്രി എം.എം. മണി നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മന്ത്രിയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സഭയില്‍ മണിയോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ലെന്ന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

ഇന്നു ചേര്‍ന്ന പാര്‍ലമെന്ററി സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. മണിക്കെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും യോഗത്തില്‍ തീരുമാനമായി. നേരത്തെ എം.എം. മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റാതെ സര്‍ക്കാരുമായി സഹകരിക്കേണ്ടതില്ലെന്ന് യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചിരുന്നു. അതിനിടെ മണിയെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.

0Shares