
രാഹുല്‍ഗാന്ധിയടക്കം ദേശീയ നേതാക്കള്‍ കേരളത്തിലെത്തുമ്പോള്‍ അവരുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്നത് പ്രാദേശിക നേതാക്കള്‍ക്ക് വെല്ലുവിളിയാകാറുണ്ട്. പലപ്പോഴും പല പരിഭാഷപ്പെടുത്തലുകളും ട്രോളുകളായും മാറാറുണ്ട്. ഇവിടെയിതാ ഒരു കൊച്ചുമിടുക്കി വയനാട് എം.പി രാഹുല്‍ഗാന്ധിയുടെ പ്രസംഗം പുഷ്പം പോലെയാണ് പരിഭാഷപ്പെടുത്തിയത്.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സഫ സെബിന്‍ ആണ് രാഹുല്‍ഗാന്ധിയെയും സ്‌കൂളിനെയും ഞെട്ടിച്ച താരം.

ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് ഉദ്ഘാടന വേദിയിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സഫ രാഹുലിന്‍റെ വെല്ലുവിളി ഏറ്റെടുത്തത്. ശാസ്ത്രവും ഇത്തിരി ഫിലോസഫിയും കൂട്ടിക്കലര്‍ത്തിയായിരുന്നു രാഹുലിന്‍റെ പ്രസംഗം. എന്നാല്‍ ഈ കൊച്ചുമിടുക്കി പച്ചവെളളം പോലെ അത് എല്ലാവര്‍ക്കും തര്‍ജ്ജിമ ചെയ്തു വിവരിച്ചു.
പ്രസംഗം കഴിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി സഫയെ അഭിനന്ദിക്കുകയും സമ്മാനമായി ചോക്ലേറ്റ് നല്‍കുകയും ചെയ്തു. കരുവാരക്കുണ്ട് സ്വദേശിനിയാണ് വൈറലായ കുട്ടിത്താരം.കെ. സി വേണുഗോപാലിനെയായിരുന്നു പ്രസംഗം പരിഭാഷപ്പെടുത്താന്‍ നിയോഗിച്ചിരുന്നത്. എന്നാല്‍ കുട്ടികളില്‍ നിന്നും ആരെങ്കിലും ഉണ്ടോയെന്ന ചോദ്യം ഉയര്‍ന്നതോടെ സഫ ആ വെല്ലുവിളി സധൈര്യം ഏറ്റെടുക്കുകയായിരുന്നു.
