മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് പ്രവര്‍ത്തകനായ സഫീറിന്റെ കൊലപാതകം രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമല്ലെന്ന് സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍. മുമ്പ് മുസ്ലിം ലീഗ് പ്രവര്‍ത്തകരായിരുന്ന പ്രതികള്‍ പിന്നീട് സി.പി.ഐ.എമ്മിലും സി.പി.ഐയിലുമായി ചേരുകയായിരുന്നെന്ന് ലീഗ് നഗരസഭാ കൗണ്‍സിലറായ സിറാജുദ്ദീന്‍ പറഞ്ഞു. സഫീറും കേസിലെ പ്രതികളും തമ്മില്‍ നേരത്തെ ഏറ്റുമുട്ടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. അപ്പോള്‍ പള്ളിക്കമ്മിറ്റി ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു. കളിക്കിടയിലെ തര്‍ക്കവും അതില്‍ നിന്നുണ്ടായ മുന്‍വൈരാഗ്യം മാത്രമാണ് കൊലപാതകത്തിന് കാരണമെന്നും സിറാജുദ്ദീന്‍ പറഞ്ഞു. അതേസമയം സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
ഈ മാസം 25ന് രാത്രിയാണ് കുന്തിപ്പുഴ സ്വദേശിയായ സഫീറിനെ (23) നഗരമദ്ധ്യത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി മൂന്നംഗ സംഘം കുത്തിയിരുന്നത്. വട്ടമ്പലത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കേസില്‍ സി.പി.ഐ അനുഭാവികളായ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; മുന്‍വൈരാഗ്യം മാത്രമാണ് കൊലപാതകത്തിന് കാരണമെന്നു പിതാവ് സിറാജുദ്ദീന്‍