സന്നിധാനത്തെ സമരം: 70 പേരെ അറസ്റ്റുചെയ്തു നീക്കി; പോലിസ് നടപടിയില്‍ വ്യാപക പ്രതിഷേധം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി

  • Post category:news
  • Reading time:2 mins read
You are currently viewing സന്നിധാനത്തെ സമരം: 70 പേരെ അറസ്റ്റുചെയ്തു നീക്കി; പോലിസ് നടപടിയില്‍ വ്യാപക പ്രതിഷേധം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി

ശബരിമല: സന്നിധാനത്തുനിന്നും കസ്റ്റഡിയിലെടുത്തവരില്‍ 70 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ നിലയ്ക്കല്‍ നിന്നും വന്ന ഡോക്ടര്‍ വൈദ്യപരിശോധന നടത്തി.
ശബരിമലയില്‍ അരങ്ങേറിയ അനിഷ്ടസംഭവങ്ങളില്‍ അപലപിക്കുന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. അയ്യപ്പദര്‍ശനത്തിന് ശേഷം തിരിച്ചിറങ്ങിയവരെ പ്രകോപിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറല്ലെന്നും ശബരിമലയിലെ അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. രാത്രി 200ഓളം വരുന്ന ആളുകളായിരുന്നു സന്നിധാനത്ത് പ്രതിഷേധിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്ത് പ്രതിഷേധിച്ചതും സംഘര്‍ഷത്തന് ശ്രമിച്ചതുമാണ് ഇവര്‍ക്കെതിരായ കുറ്റം. രാത്രി 10 മണിക്ക് ശേഷം സന്നിധാനത്ത് ആളുകളെ തങ്ങാന്‍ അനുവദിക്കില്ല എന്നായിരുന്നു പൊലിസിന്റെ നിലപാട്. എന്നാല്‍ നട അടച്ചതിനു ശേഷവും ആളുകള്‍ പ്രതിഷേധം തുടര്‍ന്നു. ഇതോടെ പ്രതിഷേധം നടത്തിയവരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ കുത്തിയിരുന്ന് നാമജപം നടത്തിയായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല എന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അറസ്റ്റ് ചെയ്തുവെന്നാണ് വിശദീകരണം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. ഹരിവരാസനത്തിന് ശേഷം പിരിയാമെന്ന വാക്ക് പാലിച്ചില്ല. പൊലിസ് തീര്‍ത്ഥാടകര്‍ക്ക് എതിരല്ലെന്നും എസ്പി പ്രതീഷ് കുമാര്‍ പ്രതികരിച്ചു.അതേസമയം നാമജപ സമരം നടത്തിയവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. യുവമോര്‍ച്ച സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും നാപജപ പ്രതിഷേധം നടന്നു. പുലര്‍ച്ചെ 1.30ന് തുടങ്ങിയ സമരം രാവിലെ നാല് മണിയോടെയാണ് അവസാനിപ്പിച്ചത്.

0Shares