കുവൈറ്റ്: സന്ദേശമയക്കാനും മറ്റുമായിരുന്നു നാം ആദ്യകാലങ്ങളില്‍ പ്രാവിനെ ആശ്രയിച്ചിരുന്നത്. എന്നാല്‍ അതിശയിപ്പിക്കുന്ന വിധത്തിലുള്ള സംഭവങ്ങളാണ് ഇന്ന് പ്രാവിനെക്കുറിച്ച് കേള്‍ക്കുന്നത്. സന്ദേശങ്ങളയക്കാന്‍ മാത്രമല്ല മയക്കുമരുന്നുകള്‍ കടത്താനായും പ്രവുകളെ ഉപയോഗിക്കുന്നു. കുവൈറ്റിലും ഇറാനിലുമാണ് ഇത്തരത്തില്‍ മയക്കുമരുന്ന് ശരീരത്തില്‍ പതിപ്പിച്ച നിരവധി പ്രാവുകളെ പിടികൂടിയത്. മയക്കുമരുന്ന് ശരീരത്തില്‍ പതിപ്പിച്ച പ്രാവുകളെ തേടി നടക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ഒരു മാസത്തിനിടെ മയക്കുമരുന്ന് വഹിച്ചെത്തിയ 4 പ്രാവുകളെയാണ് കസ്റ്റംസ് പിടികൂടിയത്. 150 ഗ്രാം ഭാരം വരുന്ന മരുന്ന് കവറിലാക്കി പക്ഷിയുടെ പുറത്ത് കെട്ടിവെച്ച നിലയിലാണ് കണ്ടെത്തിയത്.

ഇതില്‍ നിന്നും 178 ഗുളികകള്‍ അടങ്ങുന്ന പായ്ക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. എക്റ്റസി, കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളാണ് ഇത്തരത്തില്‍ കടത്തുന്നതെന്നാണ് സൂചനകള്‍. ബോര്‍ഡര്‍ പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് മുകളില്‍ കെട്ടിവെച്ച ബാഗുമായി പ്രാവുകളെ ശ്രദ്ധയില്‍പ്പെട്ടത്. പ്രാവിന്റെ അതേ നിറത്തിലുള്ള ബാഗിലാണ് പക്ഷിയുടെ പുറത്ത് ഇത്തരത്തില്‍ ബാഗ് കെട്ടിവച്ചിരിക്കുന്നത്. 150 കിലോമീറ്ററോളം ലക്ഷ്യം തെറ്റാതെ പറക്കാനും ശരീരത്തിന്റെ 10 ശതമാനത്തോളം ഭാരം വഹിക്കാനും പ്രാവുകള്‍ക്ക് കഴിയും, എന്നതിനാലാണ് കള്ളക്കടത്തുകാര്‍ പ്രാവുകളെ ഇഷ്ട പക്ഷിയായി കാണുന്നത്.