സദാചാര ഗുണ്ടായിസം; അക്രമത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യാ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing സദാചാര ഗുണ്ടായിസം; അക്രമത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യാ ചെയ്തു

മലപ്പുറം: സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേല്‍ക്കുകയും ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. സാജിദിനെ നാട്ടുകാര്‍ കെട്ടിയിട്ട് ആക്രമിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി സാജിദിനെ വീടിന് സമീപത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം 24നാണ് സാജിദിന് ഒരു സംഘം ആളുകളുടെ മര്‍ദ്ദനമേറ്റത്. സാജിദ് താസമിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മമ്മാലിപ്പടി എന്ന സ്ഥലത്തെ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് ഒരു സംഘം യുവാവിനെ മര്‍ദ്ദിച്ചത്. കയര്‍ കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പൊലീസെത്തിയാണ് സാജിദിനെ മോചിപ്പിച്ചത്. എന്നാല്‍, ആര്‍ക്കെതിരെയും കേസെടുത്തിരുന്നില്ല. സാജിദിന് പരിക്കേറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സാജിദിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ മുതലാണ് വാട്‌സ് ആപ്പിലും മറ്റും പ്രചരിച്ച് തുടങ്ങിയത്. സാജിദിന്റെ സുഹൃത്തുക്കള്‍ക്കും സന്ദേശം ലഭിച്ചു. ഇതില്‍ മനംനൊന്താണ് സാജിദ് ആത്മഹത്യ ചെയ്തത്. പൊലീസ് കേസെടുത്തു.

0Shares