സഞ്ചാരികളേ അറിയുക, ‘നിയമം പലവിധമുലകില്‍!’…

  • Post category:news
  • Reading time:2 mins read
You are currently viewing സഞ്ചാരികളേ അറിയുക, ‘നിയമം പലവിധമുലകില്‍!’…

ന്യൂഡല്‍ഹി: സുദീര്‍ഘമായ യാത്രകള്‍ മനുഷ്യ മനസ്സിന് പ്രദാനം ചെയ്യുന്ന അറിവും അനുഭൂതിയും പറഞ്ഞറിയിക്കാനാവാത്തതാണ്.യാത്രകള്‍ പലവിധമാണ്; വിനോദ യാത്ര, തീര്‍ത്ഥ യാത്ര, അധ്യയന യാത്ര എന്നിങ്ങനെ പലരീതിയില്‍. നിത്യ ജീവിതത്തിലെ എല്ലാ വിഷമങ്ങളില്‍ നിന്നും അല്‍പകാലത്തേക്കെങ്കിലും തെല്ല് ആശ്വാസം ലഭിക്കാന്‍ വേണ്ടി നടത്തുന്ന വിനോദ യാത്രകള്‍ നടത്തുന്നവരുടെ എണ്ണം അസംഖ്യമാണ്. ഓരോ യാത്രകളും നമ്മുടെ മനസ്സിനെ ഉഴുതു മറിക്കുന്നു.രാജ്യത്തിനകത്തായാലും പുറത്തായാലും ഇത്തരം യാത്രകള്‍ നടത്തുന്നവര്‍ ഓര്‍ക്കേണ്ടതും അവലംബിക്കേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട് ഇവ മനസ്സിലാക്കുകയും അതിനനുസരിച്ച് സഞ്ചരിക്കുകയും ചെയ്യുമ്പോള്‍ മാത്രമെ യാത്രകള്‍ സുഖപ്രദവും സുഗമവുമാവുകയുള്ളു. നമ്മുടെ രാജ്യം വിട്ട് അന്യ രാജ്യത്തെത്തുമ്പോള്‍ അവിടെ നാം അനുവര്‍ത്തിക്കേണ്ട ചിട്ട വട്ടങ്ങളും നടപടി ക്രമങ്ങളും പലതുണ്ട്. യാത്രയുമായി ബന്ധപ്പെട്ട് ഇത്തരം നിയമങ്ങളെ കുറിച്ച് അറിവ് നല്‍കുന്ന ഒരു ‘ഇന്‍ഫോഗ്രാഫിക്ക് ലോ ഫേമായ ‘കൂനെ ആന്‍ഡ് കോണ്‍വേ’ മാര്‍ഗ്ഗ നിര്‍ദ്ദേശ സൂചിക- ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട് നമുക്കതിനെ യാത്രകളുടെ ‘ഗൈഡ് ലൈന്‍ എന്ന് വിശേഷിപ്പിക്കാം. നാസിസത്തിന്റെ ഈറ്റില്ലമായ ജര്‍മനിയില്‍ ചെന്ന് നാസിസത്തെ സ്തുതിച്ചാല്‍ ജര്‍മനിയും സഹിക്കില്ലെന്ന് പ്രത്യേകം ഓര്‍ക്കണം. സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ അവിടെ ചെന്നാല്‍ വഴക്കുണ്ടാക്കരുത്. അതു പോലെ തന്നെ ദുബായില്‍ ചെന്ന് അവിടെയും ഇവിടെയും നിന്ന് ഫോട്ടോ എടുക്കരുതെന്നും ഓര്‍ത്താല്‍ നന്ന്.

മിക്ക മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗം നിരോധിച്ചിട്ടുണ്ട് ഇക്കാര്യം സഞ്ചാരികള്‍ ഓര്‍ക്കുന്നത് നന്ന്. സൗദിയില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ക്കും ലഹരി പദാര്‍ത്ഥങ്ങളുയെ ഉപയോഗത്തിനും കര്‍ക്കശമായ വിലക്കുണ്ട്. അതുപോലെ സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നതും പൊതുസ്ഥലങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നതും വയ്ക്കുന്നതും ഇവിടെ നിഷിദ്ധമാണ്.ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്യും. സൗദിയില്‍ സ്ത്രീകള്‍ പൊതുസ്ഥലത്ത് പുരുഷന്മാര്‍ക്കൊപ്പം മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ.യുഎഇയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് നടക്കുന്നത് അനുവദിച്ചിട്ടില്ല. ക്യൂബയില്‍ മിലിട്ടറി, പൊലീസ്, റെയില്‍വേ, എയര്‍പോര്‍ട്ട്, എന്നിവയുടെ ഫോട്ടോ പകര്‍ത്താന്‍ പാടില്ല. അതു പോലെ തന്നെ ഇവിടെ സ്ത്രീകളുടെ വസ്ത്രം പുരുഷന്മാരും നേരെ മറിച്ചും അണിയാന്‍ പാടില്ല.

സിംഗപ്പൂരില്‍ പരസ്യമായി വഴക്കുണ്ടാക്കലും പൊതുസ്ഥലങ്ങളില്‍ പുക വലിക്കുന്നതും നിരോധിതമാണ്. മലേഷ്യയില്‍ കടുത്ത ഇറക്കുമതി കയറ്റുമതി നിയന്ത്രണങ്ങളുണ്ട്.
അള്‍ജീരിയയില്‍ മുസ്ലീങ്ങളല്ലാത്ത മറ്റ് മതസ്ഥര്‍ക്ക് ആരാധനയ്ക്ക് പരിമിതികളുണ്ട്. ഇവിടെ മതപരിവര്‍ത്തനവും മുസ്ലീമല്ലാത്ത മറ്റു വിശ്വാസങ്ങളെ സ്തുതിച്ചുള്ള സംഭാഷണങ്ങളും നിരോധിച്ചിട്ടുണ്ട്. തോക്ക്, കത്തി, മറ്റ് അപകടകരങ്ങളായ ആയുധങ്ങളുമായി സഞ്ചരിക്കുന്നതും മരിജുവാന പോലുള്ള ലഹരി സാധനങ്ങള്‍ കൈവശം വയ്ക്കുന്നതും മെക്സിക്കോയില്‍ നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇവിടെ പരസ്യമായി പ്രകോപനപരമായ വാക്കുകള്‍ ഉച്ചത്തില്‍ പറയുന്നതും നിരോധിച്ചിട്ടുണ്ട്. ഓര്‍ക്കുക സഞ്ചാരികളെ, ആറുനാട്ടില്‍ നൂറു ഭാഷ എന്നു പറഞ്ഞതു പോലെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തവും വൈവിദ്ധ്യമാര്‍ന്നതുമായ പലതരം നിയമങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

0Shares