കണ്ണൂര്‍ : അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ അനുജനും പ്രസിദ്ധ നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിധികര്‍ത്താവായെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗം നൃത്ത മത്സരത്തിനാണ് രാമകൃഷ്ണന്‍ വിധി കര്‍ത്താവായത്. നര്‍ത്തകിമാരായ ഗീതാഞ്ജലി, കലാമണ്ഡലം സിന്ധു മനോഹര്‍ എന്നിവര്‍ക്കൊപ്പമാണ് രാമകൃഷ്ണന്‍ വിധി നിര്‍ണയം നടത്തിയത്.

34 ടീമുകള്‍ പങ്കെടുത്ത നൃത്ത മത്സരം വീക്ഷിക്കാന്‍ വന്‍ ജനക്കൂട്ടമാണ് വേദിയിലെത്തിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ നടോടിനൃത്ത മത്സരത്തില്‍ കലാഭവന്‍ മണിയുടെ ജീവിതം ആവിഷ്‌കരിക്കപ്പെട്ടത് ഏറെ ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ജ്യേഷ്ഠനെക്കുറിച്ചുള്ള നൃത്താവിഷ്‌കാരം വികാര സാന്ദ്രമായ മനസ്സോടെയാണ് രാമകൃഷ്ണന്‍ വീക്ഷിച്ചത്. കലോത്സവ വേദിയില്‍ രാമകൃഷ്ണനെ പലരുംതിരിച്ചറിഞ്ഞപ്പോള്‍ അത് അകാലത്ത് വിട പറഞ്ഞ മയാളത്തിന്റെ പ്രിയപ്പെട്ട കലാഭവന്‍ മണിയിലേക്കുള്ള ഓര്‍മകളുടെ വിഷാദഭരിതമായ തൊട്ടുണര്‍ത്തലായി.