സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; കരുണ- കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സര്‍ക്കാറിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; കരുണ- കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സര്‍ക്കാറിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കി സുപ്രീം കോടതി വിധി. സംസ്ഥാന സര്‍ക്കാറിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തു. 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് കോടതി ഉത്തരവിട്ടു.

സര്‍ക്കാരിന്‍റെ ബില്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി കണ്ടെത്തി. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് അംഗീകാരം നഷ്ടപ്പെട്ട കോളേജുകളിലെ പ്രവേശനം സാധൂകരിക്കുന്നതിനുള്ള ബില്‍ നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു.

കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളില്‍ 2016-17 കാലയളവില്‍ മാനദണ്ഡങ്ങള്‍ മറികടന്നാണ് 180 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയതെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രവേശനം റദ്ദാക്കി. ഈ തീരുമാനം ഹൈക്കോടതിയും സുപ്രിം കോടതിയും ശരിവച്ചു. പഠനം വഴിമുട്ടിയെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയതോടെ പിന്നീട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. ഈ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രിം കോടതി പരിഗണിച്ചത്.

കേസ് പരിഗണിക്കുന്നത് നീട്ടി വെക്കണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം രാവിലെ കോടതി തള്ളിയിരുന്നു. പ്രവേശനം അംഗീകരിച്ച് ഇന്നലെ നിയമസഭ ബില്ല് പാസാക്കിയിരുന്നു. ബില്ല് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നായിരുന്നു സര്‍ക്കാറിന്‍റെ ആവശ്യം.

0Shares