തിരുവനന്തപുരം: നിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 12 സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂട്ടാന്‍ തീരുമാനം. സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളെ കുറിച്ച് പഠിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, ഭരണ സമിതി അംഗങ്ങളായ എം.ആര്‍ രഞ്ജിത്, ജോര്‍ജ് തോമസ് എന്നിവരുള്‍പ്പെട്ട സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതോടൊപ്പം നിലവാരം കുറഞ്ഞ 23 സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ ഈ വര്‍ഷം കുട്ടികള്‍ക്ക് പ്രവേശനവും നല്‍കില്ല. കായിക താരങ്ങള്‍ക്ക് ഭക്ഷണത്തിനായി നല്‍കുന്ന തുകയില്‍ പല ഹോസ്റ്റലുകളും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും കൗണ്‍സില്‍ കണ്ടെത്തി.