സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തി; പലയിടത്തും ബസുകള്‍ക്ക് നേരെ കല്ലേറ്

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തി; പലയിടത്തും ബസുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തി. പലയിടത്തും ബസുകള്‍ക്ക് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറിനെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തിയത്. സര്‍വ്വീസുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസ് തയ്യാറായില്ല. അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ഏറെ വലച്ചു. ദീര്‍ഘദൂരയാത്രക്കാര്‍ പലയിടങ്ങളിലുമായി ഭക്ഷണവും വെള്ളവും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ കുടുങ്ങിക്കിടക്കുകയാണ്.
തലസ്ഥാനത്ത് കരകുളം, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നിര്‍ത്തി വച്ചു. പൊലീസിന്റെ അകമ്പടിയോടെ കെഎസ്ആര്‍ടിസി തമ്പാനൂരില്‍ നിന്ന് ആര്‍.സി.സിയിലേക്കും മെഡിക്കല്‍ കോളജിലേക്കും മാത്രമായി പ്രത്യേക സര്‍വീസുകള്‍ തുടങ്ങി. തൃശൂരില്‍ കയ്പറമ്പില്‍ കടകളടപ്പിക്കാന്‍ ശ്രമിച്ച വി.എച്ച്.പി- – ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാത മണ്ണുത്തിയില്‍ രാവിലെ വാഹനങ്ങള്‍ തടയാന്‍ ശ്രമം നടന്നു. ഇടുക്കി ജില്ലയില്‍ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറില്‍ കടകള്‍ തുറന്നു പ്രപവര്‍ത്തിക്കുന്നുണ്ട്. രാജമലയടക്കമുള്ള പാര്‍ക്കുകളില്‍ സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. അടിമാലി, രാജക്കാട്, കട്ടപ്പന, ചെറുതോണി മേഖലകളില്‍ ചെറിയ തോതില്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് കടത്തിവിട്ടു.
കോഴിക്കോട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നില്ല. റോഡിലിറങ്ങിയ സ്വകാര്യ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലും തടഞ്ഞിട്ടു. വയനാട് ജില്ലയില്‍ മാനന്തവാടിയിലും വാഹനങ്ങള്‍ തടയുകയാണ്. ഏഴ് ബസുകള്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ടിപ്പോയില്‍ കുടുങ്ങിക്കിടക്കുകയാണ്. ബംഗളൂരു, മൈസൂരു, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏഴ് ബസുകള്‍ ബത്തേരി ടിപ്പോയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. സുരക്ഷയ്ക്ക് പൊലീസിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും നല്‍കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി രാവിലെ സര്‍വീസ് നടത്തിയെങ്കിലും പിന്നീട് നിര്‍ത്തിവച്ചു. തിരുവനന്തപുരത്തുനിന്ന് സുള്ള്യയിലേക്കുള്ള സൂപര്‍ ഫാസ്റ്റ് ബസ് പോലിസ് അകമ്പടിയോടയാണ് യാത്രപുറപ്പെട്ടത്. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും മാത്രമാണ് ഇവിടെ ഓടുന്നത്.

0Shares