സംസ്ഥാനത്ത് കലാപമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്; അവധിയിലായിരുന്ന മുഴുവന്‍ പോലിസുകാരോടും ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് കലാപമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്; അവധിയിലായിരുന്ന മുഴുവന്‍ പോലിസുകാരോടും ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്ന് പോലിസ് ജാഗ്രതപാലിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഇതേ തുടര്‍ന്ന് അവധിയിലായിരുന്ന മുഴുവന്‍ പോലിസുകാരെയും തിരിച്ചുവിളിപ്പിച്ചു. സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രതാ നിര്‍ദേശമാണ് ഡിജിപി ലോക്നാഥ് ബെഹ്റ നല്‍കിയിട്ടുള്ളത്. എല്ലാ സ്ഥലങ്ങലും പോലീസിനെ വിന്യസിക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് വന്‍ അക്രമത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ്കുമാര്‍ ഞായറാഴ്ചതന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സാമൂഹ്യമാധ്യമ പ്രചാരണത്തെപ്പറ്റിയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കാശ്മീരിലെ കഠ്വയില്‍ എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കലാപശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേ സമയം ക്രമാധാനപാലത്തിന്റെ ഭാഗമായി കാസര്‍കോട് സബ്ഡിവിഷന്‍ പരിധിയിലെ കടകളും ഹോട്ടലുകളും രാത്രി 11നു ശേഷം തുറക്കാന്‍ പാടില്ലെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി നിര്‍ദേശിച്ചിട്ടുണ്ട്. തട്ടുകടകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവുവില്‍പനയും മറ്റും രാത്രികാലത്ത് പ്രധാനമായും നടക്കുന്നത്. ഇതുവഴിയുണ്ടാകുന്ന അക്രമങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാനാണ് കടകള്‍ക്കും ഹോട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നത്. അക്രമമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലത്ത് രാത്രികാലത്ത് കൂടുതല്‍ സുരക്ഷ പോലിസ് ഒരുക്കും. വ്യാഴാഴ്ച കോഴിക്കോട്ട് എസ്.ഡി.പി.ഐ നടത്താനിരുന്ന പ്രകടനത്തിന് പൊലീസ് അനുമതി നിഷേധിച്ചു. കോഴിക്കോട് നഗരത്തില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു.

0Shares