സംസ്ഥാനത്ത് കനത്ത മഴ; റെയില്‍ ഗതാഗതം താറുമാറായി; മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • Post category:news
  • Reading time:2 mins read
You are currently viewing സംസ്ഥാനത്ത് കനത്ത മഴ; റെയില്‍ ഗതാഗതം താറുമാറായി; മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ. സംസ്ഥാനത്ത് ബുധനാഴ്ചവരെ കനത്തമഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ 7 സെന്റീമീറ്റര്‍ മുതല്‍ 10 സെന്റിമീറ്റര്‍ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്നലെ രാത്രി മുതല്‍ ശക്തമായി പെയ്യുന്ന മഴയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറി. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ അനിശ്ചിതമായി വൈകുകയാണ്.തിരുവനന്തപുരത്തുനിന്ന് രാവിലെ 11.15ന് പുറപ്പെടേണ്ട കേരള എക്സ്പ്രസ് പന്ത്രണ്ടു മണിയായിട്ടും പുറപ്പെട്ടിട്ടില്ല. മറ്റു ട്രെയിനുകളും വൈകുകയാണ്. തിങ്കളാഴ്ച രാത്രി മുതല്‍ തലസ്ഥാനത്ത് കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് ഉച്ചയായിട്ടും മഴയ്ക്കു ശമനമുണ്ടായിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കനത്തതോടെ ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നുവിട്ടു. നെയ്യാര്‍, പേപ്പാറ ഡാമുകളാണ് തുറന്നുവിട്ടത്. തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാ ഭരണകൂടം രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്. വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. കനത്ത മഴയെതുടര്‍ന്ന് ആതിരപ്പള്ളിയില്‍ സഞ്ചാരികള്‍ക്ക് താല്‍ക്കാലീക വിലക്കേര്‍പെടുത്തി. കൊല്ലത്തും കോഴിക്കോട്ടും കടലാക്രമണം രൂക്ഷമായി.കണ്ണൂരിലെ ചിലയിടങ്ങളിലും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട്. എറണാകുളം ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്. കൊല്ലം ജില്ലയുടെ തീരദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. മഴ കനത്ത ചങ്ങനാശ്ശേരിയില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നു.
അതേസമയം തിരുവനന്തപുരം നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. ജോര്‍ജ്കുട്ടി ജോണ്‍ (74) എന്നയാളാണ് ഷോക്കേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ പാല്‍ വാങ്ങാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിനിടെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. അതേസമയം കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന് സമീപം സുരക്ഷ ശക്തമാക്കി. അണക്കെട്ടിന് താഴെയും നദീതീരത്ത് ഉള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ച ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ചെന്നൈ ആറക്കോണത്തുനിന്നും ഇടുക്കിയിലെത്തിയിട്ടുണ്ട്. ചെറുതോണിയില്‍ ഭരണകൂടം കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇടുക്കി കളക്ടര്‍ ജീവന്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍നിന്നാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതെന്നും ട്രയല്‍ റണ്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. വിവിധ വകുപ്പുകളുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കുവെന്നും ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു വ്യക്തമാക്കി.

0Shares