
തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം ഇന്നലെ രാവിലെയോടെ രൂപപ്പെട്ട ശക്‌തമായ ന്യൂനമർദ്ദത്തെത്തുടർന്ന് സംസ്ഥാനത്ത് ബുധനാഴ്‌ച വൈകിട്ട് മുതൽ ശക്തമായ കാറ്റും മഴയും തുടരുന്നു. തമിഴ്നാടൻ തീരങ്ങളിൽ ചുഴലിക്കാറ്റുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ ശക്തമായ കാറ്റും മഴയുമുണ്ടാകുന്നതെന്ന് കാലാവസ്ഥാ നീരീക്ഷണകേന്ദ്രം ഡയറക്ടർ ഡോ. സുദേവൻ അറിയിച്ചു. ഈ നില ഇന്നു മുഴുവൻ തുടരും. ഇന്നുരാവിലെ പലയിടത്തും ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. കനത്ത മഴയിലും കാറ്റിലും പാറശ്ശാലയിലെ ഉപജില്ലാ കലോത്സവ വേദി തകര്‍ന്നു വീണു. മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രധാന വേദിയടക്കം മൂന്ന് വേദികള്‍ തകര്‍ന്ന് വീണത്. വേദിയുടെ ഷീറ്റ് പൊളിഞ്ഞ് വീണ് വേദികള്‍ പൂര്‍ണ്ണമായും തകരുകയായിരുന്നു. വേദിയ്ക്ക് തൊട്ടടുത്ത മരത്തിലെ കൊമ്പ് ഒടിഞ്ഞ് വീണു. കലോത്സവത്തിനെത്തിയ കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

നെയ്യാർ ഡാമിന്റേയും പേപ്പാറ ഡാമിന്റേയും വൃഷ്ടി പ്രദേശത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനാൽ ഡാമുകൾ നിറഞ്ഞൊഴുകുകയാണ്. ജലനിരപ്പുയർന്ന അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ഇന്നലെ രാത്രിയോടെയാണ് നെയ്യാർ ഡാമിൽ ഏഴ് ഇഞ്ച് വീതം നാലു ഷട്ടറുകളും തുറന്നത്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെയോടെ അഗസ്ത്യവന മേഖലയ്‌ക്ക് താഴെയുള്ള കോട്ടൂർ സെന്റിൽമെന്റിലുണ്ടായ അതിശക്തമായ പാണ്ടിക്കാറ്റിൽ ആദിവാസി സെന്റിൽമെന്റ് ഒറ്റപ്പെട്ടു. ആമല. കൈതോട്, പൊത്തോട് തുടങ്ങി 22 ഊരുകളാണിവിടെയുള്ളത്. കാറ്റിൽ വീടുകൾക്കും കൃഷിക്കും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. സെന്റിൽമെന്റുകളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെന്നാണ് ഫോറസ്റ്റുകാർ അറിയിക്കുന്നത്.
വിതുരയിൽ വാമനപുരം നദിയിലെ പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായി. പൊൻമുടിയിലും കല്ലാറിലും ശക്തമായ മഴയാണ്. തമിഴ്നാട്ടിൽ നാഗർകോവിലിലും ശക്തമായ മഴയും കാറ്റുമാണ്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി. ന്യൂനമർദം വടക്കുപടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്നതിൽ കടലും പ്രക്ഷുബ്ധമാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്തെ മഴയെ തുടർന്ന് ഇന്ന് ഉച്ചയ്‌ക്ക് ശേഷം തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു.
