സംസ്ഥാനത്ത് ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. ദക്ഷിണ മേഖലാ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ആണ് നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കിയത്. ഇവ സംസ്ഥാനത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്. ഇവയെ വളര്‍ത്തിയശേഷം ചിലര്‍ ജലാശയങ്ങളിലേക്ക് തുറന്നുവിടുന്നു. അത്തരം സാഹചര്യങ്ങളില്‍ ഇവ മറ്റ് ചെറിയ മീനുകളെ തിന്നൊടുക്കുന്നതുകൊണ്ടാണ് ഇവ നിരോധിച്ചത് എന്ന് ദക്ഷിണ മേഖലാ ഫിഷറീസ് അറിയിക്കുന്നു. പാലക്കാട് ജില്ലയിലെ ആഫ്രിക്കന്‍ മുഷി കൃഷി മത്സ്യസമ്പത്തിനും പരിസ്ഥിതിക്കും ഹാനികരമെന്ന് ഫിഷറീസ് ഡയറക്ടർ സര്‍ക്കാരിന് രണ്ട് മാസം മുന്‍പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ മൂലം പാലക്കാട് ജില്ലയില്‍ പലയിടത്തും ജനവാസം ദുഷ്‌കരമായതായും മലനീകരണത്തിന് കാരണമാകുന്നതായും പരാതികളുണ്ടായിരുന്നു. ജില്ലാ വികസന സമിതി യോഗങ്ങളില്‍ എം.എല്‍.എ മാര്‍ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 2013 ജനുവരിയിലെ സര്‍ക്കുലര്‍ പ്രകാരം ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ വിജ്ഞാപനം.

മാംസഭുക്കായ ആഫ്രിക്കന്‍മുഷിക്ക് ഇറച്ചിക്കോഴിയടക്കമുള്ള മാലിന്യമാണ് ഭക്ഷണം. അഫ്രിക്കൻ ഭൂഖണ്ഡത്തില്‍ കൂടുതലായി കണ്ടുവരുന്നതിനാലാണ് ഇവയ്ക്ക് ആഫ്രിക്കന്‍ മുഷി എന്ന പേര് ലഭിച്ചത്. ക്ലാരിയസ് ഗാരിപ്പിനസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവ ഒരുജലാശയത്തില്‍ എത്തിക്കഴിഞ്ഞാല്‍ അവിടത്തെ മറ്റുമത്സ്യങ്ങളെ മുഴുവന്‍ ഇവ ഭക്ഷണമാക്കും. രണ്ടുദശകം മുന്‍പാണ് വിദേശത്തുനിന്നും ഇവ ഇന്ത്യയിലെത്തുന്നത്. ആദ്യം ബംഗ്ലാദേശിലും തുടര്‍ന്ന് പശ്ചിമബംഗാളിലും കൃഷിയായി തുടങ്ങിയതാണ് ആഫ്രിക്കന്‍ മുഷി. ഇപ്പോള്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അനധികൃതമായി ഇത് കൃഷിചെയ്തുവരുന്നു.

14 ഇനങ്ങളിലായി 116 തരത്തിലുള്ള മുഷികളുണ്ട്. ഇവയില്‍ ക്ലാരിയസ് ബട്രാപ്ലെസ്, ക്ലാരിയസ് സുസുമേയറി എന്നീ ഇനങ്ങളാണ് കേരളത്തില്‍ എത്തിയിട്ടുള്ളത്. ചെലവില്ലാത്ത അറവുമാലിന്യംകൊണ്ടുള്ള കൃഷിയെന്നതും മുഷിവളര്‍ത്തല്‍ ലാഭകരമാക്കുന്നു. വളരെവേഗം ആദായം ലഭിക്കുന്നതിനാല്‍ കൂടുതല്‍പേര്‍ ഈ മേഖലയിലേക്കെത്തുന്നു. പ്രകൃതിയിലുള്ള മത്സ്യസമ്പത്തും മറ്റുമിത്രകീടങ്ങളും പുഴുക്കളും ലാര്‍വകളുമെല്ലാം ഇവ ഭക്ഷണമാക്കുമെന്നതിനാല്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്.

 

0Shares