സംസ്ഥാനത്തെ ഭരണ സംവിധാനത്തിന്‍റെ പ്രാമാണിക രേഖ; റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം; മാറ്റങ്ങള്‍ എങ്ങിനെയൊക്കെ എന്നറിയാം

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ ഭരണ സംവിധാനത്തിന്‍റെ പ്രാമാണിക രേഖ; റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം; മാറ്റങ്ങള്‍ എങ്ങിനെയൊക്കെ എന്നറിയാം

സംസ്ഥാന ഭരണത്തിലെ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതി നിര്‍ദേശം നല്‍കാന്‍ രൂപവത്കരിച്ച സെക്രട്ടറി തല ഉപസമിതി മുഖ്യമന്ത്രിക്ക് കരട് റിപ്പോര്‍ട്ട് നല്‍കി. വകുപ്പുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതും വകുപ്പ് സെക്രട്ടറിമാരുടെ അധികാരം വിപുലീകരിക്കുന്നതുമാണ് പ്രധാന ഭേദഗതി നിര്‍ദേശങ്ങള്‍. സംസ്ഥാനത്തെ ഭരണ സംവിധാനത്തിന്‍റെ പ്രാമാണിക രേഖയാണ് റൂള്‍സ് ഓഫ് ബിസിനസ്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അധികാരങ്ങളെന്തൊക്കെ, വകുപ്പ് സെക്രട്ടറിമാര്‍ക്ക് ഏതെല്ലാം കാര്യങ്ങളില്‍ ഒറ്റക്ക് തീരുമാനമെടുക്കാം, ഏതൊക്കെ ഫയല്‍ കാണാം, ഏതൊക്കെ ഫയല്‍ ധനകാര്യ വകുപ്പിനയക്കാം എന്നിവയെല്ലാം റൂള്‍സ് ഓഫ് ബിസിനസ്സിന്‍റെ ഭാഗമാണ്. ഇതിനാണ് സര്‍ക്കാര്‍ ഭേദഗതിക്കൊരുങ്ങുന്നത്. ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ നേതൃത്വത്തിലുള്ള സമിതിയെയാണ് നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത്.

ഓഗസ്റ്റ് 24ന് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗം കരട് നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി. പത്ത് പ്രധാന ഭേദഗതികളാണ് കൊണ്ടുവരുന്നത്. ഭരണവകുപ്പിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് പ്രധാന ഭേദഗതി. ധനപരമായി ബാധ്യതയില്ലാത്ത തസ്തിക സൃഷ്ടിക്കലൊക്കെ ഇതോടെ എളുപ്പമാവും. ഇപ്പോള്‍ ധനവകുപ്പ് കാണാതെ ഇത്തരം കാര്യങ്ങളില്‍ വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാനാവില്ല. ഇക്കാര്യത്തില്‍ നിരവധി ഉത്തരവുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും എല്ലാം പഴയപടിയായതു കൊണ്ടാണ് റൂള്‍സ് ഓഫ് ബിസിനസ്സില്‍ ഭേദഗതി കൊണ്ടുവരുന്നത്.

സെക്രട്ടറിമാരുടെ അധികാരങ്ങള്‍ കൃത്യമായി നിര്‍വ്വചിക്കലാണ് പ്രധാന ഭേദഗതി. എല്ലാ ഫയലുകളും ധനമന്ത്രിയുടെ അംഗീകാരത്തിന് പോകാതെ ഏതൊക്കം കാര്യങ്ങളില്‍ സെക്രട്ടറിക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാം എന്ന് ഇതിനൊപ്പം വിശദീകരിക്കും. കരട് ഭേദഗതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ഭേദഗതി നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചാല്‍ മന്ത്രി സഭായോഗത്തിന്‍റെ പരിഗണനയ്ക്ക് വച്ച് തീരുമാനം എടുക്കും. രണ്ട് മാസത്തിനകം നടപടി പൂര്‍ത്തിയാക്കാനാണ് ധാരണ.

2002ല്‍ എ.കെ ആന്റണി സര്‍ക്കാരിന്‍റെ കാലത്താണ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്തത്. കാലാനുസൃതമായി ഇത് പരിഷ്‌കരിക്കണമെന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമാണ് ഭേദഗതിക്ക് കാരണം.

0Shares